കൊടും വേനലില്‍ കുടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് മൂന്നുനാള്‍
കോട്ടയം: ജലക്ഷാമം രൂക്ഷമാകുമ്പോഴും കുടിവെള്ളം പാഴാകുന്നത് കോട്ടയം നഗരത്തില്‍ നിത്യസംഭവമാകുന്നു. പൈപ്പിന്റെ കാലപ്പഴക്കം മൂലം വെള്ളം പാഴാകുമ്പോഴും ഒന്നും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. കോട്ടയം കോടിമാത പാലത്തിലൂടെ പോകുന്ന പൈപ്പ് ലൈനിന്റെ ജോയിന്റ് ലീക്കായി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് മൂന്നു ദിവസമായി.
എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇതുവരെ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. പലപ്പോഴും ചോര്‍ച്ച സംഭവിക്കുമ്പോള്‍ താല്‍ക്കാലിക പരിഹാരം കണ്ടെത്തി തടിയൂരുകയാണ് ഉദ്യോഗസ്ഥര്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത് കാലപ്പഴക്കം ചെന്ന ഇത്തരം പൈപ്പിലൂടെയാണ്.
അറ്റകുറ്റപ്പണി നടത്തിയാല്‍ ജലം സംരക്ഷിക്കാമെന്നിരിക്കെ പൈപ്പ് നന്നാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നതാണ് വാസ്തവം. ഒരു തുള്ളി കുടിവെള്ളത്തിനായി നാട്ടുകാര്‍ നെട്ടോട്ടമോടുമ്പോഴാണ് ദിവസങ്ങളോളം വെള്ളം പാഴാക്കുന്നത്. കുടിവെള്ളവുമായി ലോറികള്‍ നഗരത്തിന് തലങ്ങും വിലങ്ങും ഓടുമ്പോഴാണ് കോടിമതയില്‍ പൈപ്പ് പൊട്ടി വെള്ളം പാഴായിപ്പോകുന്നത്.
വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ മൂലം വെള്ളം പാഴാകുമ്പോഴും കുടിവെള്ള ക്ഷാമത്തിന്റെ പേരില്‍ പരസ്പരം ചെളിവാറിയെറിയുന്നവര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാകുന്നു. വെള്ളം കിട്ടാക്കനിയാകുമ്പോള്‍ ഇത്തരത്തില്‍ ജലം പാഴാകുന്നത് തടയണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാറില്ലെന്നതിന്റെ തെളിവാണ് കോടിമതയിലെ പൈപ്പ് ലൈന്‍.
ജോയിന്റ് ലീക്കായതിനെ തുടര്‍ന്ന് വെള്ളം റോഡില്‍ വീഴുമ്പോള്‍ ഇവിടെ നിന്ന് സമീപവാസികള്‍ ജലം ശേഖരിക്കുന്ന കാഴ്ച്ചയ്ക്കാണ് നഗരം സാക്ഷ്യം വഹിക്കുന്നത്.
എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുവാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ജലം പാഴാകുന്ന കാഴ്ച്ചയാണ് കോട്ടയം നഗരത്തിലേത്. കുടിവെള്ള വിതരണം കുറ്റമറ്റതാക്കാന്‍ ജില്ലാ ഭരണകൂടം എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് പറയുമ്പോള്‍ ഇത്തരം കാഴ്ച്ചകള്‍ കാണാതെ പോവുകയാണ് അധികൃതര്‍. സംഭവം ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ലഭിക്കുക.
നിലവില്‍ കുടിവെള്ള പദ്ധതിയിലൂടെ നഗരവാസികള്‍ക്ക് ലഭിക്കുന്നത് ഉപ്പുവെള്ളമാണ്. എന്നാല്‍ ഇതും പൈപ്പുകളുടെ കാലപ്പഴക്കം മൂലം ലഭിക്കാത്ത സ്ഥിതിയാണ് കോട്ടയം നഗരത്തിലുള്ളത്. മുന്‍പും നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടുണ്ട്. ഈ സാഹചര്യത്തിലെല്ലാം വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ സ്ഥലത്തെത്തിയത് മണിക്കൂറുകള്‍ കഴിഞ്ഞായിരുന്നു.
പഴയ ബോട്ടുജെട്ടിക്ക് സമീപവും ഭാരത് ഹോസ്പിറ്റലിന് സമീപവും പൈപ്പ് പൊട്ടി കുടിവെള്ളം പാഴായപ്പോള്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ വൈമുഖ്യം കാട്ടിയതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് കോടിമതയില്‍ ചോര്‍ച്ച സംഭവിച്ചതിനാല്‍ മൂന്നു ദിവസം തുടര്‍ച്ചയായി വെള്ളം പാഴാകുന്നത്.ഇത്തരത്തില്‍ വെള്ളം പാഴാക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."