യു.എസിന് ഐ.എസിനോട് മൃദുസമീപനം: അസദ്
ബെയ്‌റൂത്ത്:സിറിയയില്‍ ഐ.എസിനെതിരേ യുദ്ധം ചെയ്യുന്ന യു.എസ് സൈന്യം അതിക്രമിച്ച് രാജ്യത്ത് കടന്നവരാണെന്ന് സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ്. ചൈനീസ് ടി.വി ചാനലായ ഫിനിക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ബശറിന്റെ പരാമര്‍ശം. വാചക കസര്‍ത്തിനപ്പുറം ഐ.എസിനെ തകര്‍ക്കാന്‍ ട്രംപിന് ഒന്നും ചെയ്യാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്‍ജിബിലും മറ്റും ഐ.എസിനെ തുരത്താനാണ് യു.എസ് സൈന്യം എത്തിയത്. എന്നാല്‍ ഒരു വിദേശ സൈന്യത്തെയും തങ്ങള്‍ ക്ഷണിച്ചിട്ടില്ല. അതിനാല്‍ സിറിയയിലുള്ള വിദേശ സൈന്യമെല്ലാം അതിക്രമിച്ച് പ്രവേശിച്ചവരാണ്. ഇത് സഹായകരമാകുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസിനെതിരേ യു.എസ് സൈന്യം കാര്യമായ ആക്രമണം നടത്തുന്നില്ലെന്ന് അസദ് ആരോപിച്ചു. ഐ.എസിനെതിരേ യു.എസ് സൈന്യത്തിന്റേത് മൃദുസമീപനമാണ്. എന്നാല്‍ റഷ്യന്‍ പിന്തുണയോടെയുള്ള സിറിയന്‍ സൈന്യമാണ് ഇപ്പോള്‍ റഖയില്‍ പ്രവേശിച്ചത്. യൂഫ്രട്ടീസ് നദിയുടെ പടിഞ്ഞാറന്‍ മേഖല സൈന്യം പൂര്‍ണമായും മോചിപ്പിച്ചു.
ഇറാഖിന്റെ കിഴക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ദേര്‍ അസ്സൂറിലും സൈന്യം മുന്നേറ്റം നടത്തിയെന്നും ഐ.എസിന്റെ പ്രധാനമേഖലകളായിരുന്നു ഇവയെല്ലാമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം ആദ്യം ജനീവയില്‍ നടന്ന സമാധാന ചര്‍ച്ചയെ കുറിച്ചും അസദ് പ്രതികരിച്ചു. ജനീവയില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും യഥാര്‍ഥ രാഷ്ട്രീയ സമവായമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക തലത്തിലുള്ള പ്രശ്‌നപരിഹാരത്തിനു ശ്രമം നടക്കണം. ഇതിനാണ് മധ്യസ്ഥരുടെ ആവശ്യം. ജനീവയിലെ ചര്‍ച്ചകള്‍ നീണ്ടുപോകുമെന്നും പരിഹാര ശ്രമങ്ങളുടെ വിദൂരസാധ്യതയാണ് അതെന്നും അസദ് പറഞ്ഞു.
സിറിയയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള ഹിതപരിശോധന വേണമെന്നും സിറിയക്കാര്‍ തന്നെ അവരുടെ ഭാവി തീരുമാനിക്കട്ടെയെന്നും അസദ് പറഞ്ഞു.
500 യു.എസ് സൈനികരാണ് ഐ.എസിനെതിരേയുള്ള പോരാട്ടത്തിന് സിറിയയില്‍ തങ്ങുന്നത്. മറ്റു വിഭാഗങ്ങളുമായി സഹകരിച്ചാണ് യു.എസ് ഐ.എസ് വിരുദ്ധ പോരാട്ടം നടത്തുന്നത്. 2016 ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച് നാലു ലക്ഷം പേരാണ് സിറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.11 ദശലക്ഷം പേര്‍ ഭവനരഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."