ഫസ്റ്റ് എയ്ഡ് ഇല്ലാതെ ബസുകള്‍
കണ്ണൂര്‍: റോഡപകടങ്ങള്‍ പെരുകുമ്പോഴും പ്രഥമശ്രുശ്രൂഷാസൗകര്യങ്ങള്‍ വാഹനങ്ങളില്‍ ഇല്ല. ഇതുകാരണം രക്ത ചോര്‍ച്ച ഒഴിവാക്കാനാകാതെ ആശുപത്രിയിലെത്തുമ്പോള്‍ അപകടത്തില്‍പ്പെടുന്നവരുടെ ജീവനുതന്നെ ഭീഷണിയാകുന്നു.
റോഡുകളില്‍ മരണപ്പാച്ചില്‍ നടത്തുന്ന സ്വകാര്യബസുകള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്. ബസില്‍ ഡ്രൈവറുടെ പിന്‍വശത്തു തന്നെ ഫസ്റ്റ് എയ്ഡ് ബോക്‌സ് സ്ഥാപിക്കണമെന്നു മോട്ടോര്‍വാഹനവകുപ്പ് നിര്‍ദേശിക്കുന്നുണ്ടെങ്കിലും ദീര്‍ഘദൂരബസുകളിലുള്‍പ്പെടെ തൊണ്ണൂറു ശതമാനം ബസുകളിലും ഇതില്ല. ട്രാന്‍സ്‌പോര്‍ട്ട് ബസുകളുടെ സ്ഥിതിയും ഇതുതന്നെ. കണ്ണൂരില്‍ നിന്നു കോഴിക്കോട്ടേക്കു പോകുന്ന ബസുകളിലെ ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ സോപ്പ്, പേസ്റ്റ്, ടൂത്ത് ബ്രഷ്, തോര്‍ത്ത്, ജീവനക്കാരുടെ വസ്ത്രങ്ങള്‍ എന്നിവയാണുള്ളത്. പ്രാദേശികമായി സര്‍വിസ് നടത്തുന്നതിന്റെയും അവസ്ഥ ഇതുതന്നെ. ട്രാന്‍. കോര്‍പറേഷന്‍ ബസുകള്‍ക്ക് ഫസ്റ്റ് എയ്ഡു ബോക്‌സ് തന്നെയില്ല. റോഡരികില്‍ ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോള്‍ മുറിവില്‍ കെട്ടാനുള്ള ബാന്‍ഡേജ്, വൃത്തിയുള്ള തുണി, പ്ലാസ്റ്റര്‍, ഡെറ്റോള്‍ എന്നിവയ്ക്കുവേണ്ടി രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ പരക്കം പായാറുണ്ട്. വിവരമറിയിച്ചാല്‍ ആദ്യമെത്തുന്ന ഹൈവേപൊലിസ് റെസ്‌ക്യൂ വാഹനത്തില്‍ യാതൊരു സംവിധാനവുമില്ല. യാത്രക്കാരെ അപകടം സംഭവിച്ച വാഹനത്തില്‍ നിന്നു വെട്ടിപ്പൊളിച്ചു പുറത്തെടുക്കാന്‍ അടുത്തുള്ള വീട്ടുകാരില്‍ നിന്നാണ് ഇവര്‍ ആയുധങ്ങള്‍ വാങ്ങുന്നത്. ഇക്കാര്യത്തില്‍ അല്‍പമെങ്കിലും ഭേദം ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗമാണ്. ജില്ലയിലെ അപകട കേന്ദ്രങ്ങളിലെ പെട്രോള്‍ പമ്പുകള്‍, പൊതുസ്ഥാപനങ്ങള്‍ തുടങ്ങിയ പ്രധാനകേന്ദ്രങ്ങളില്‍ പ്രാഥമികസുരക്ഷാ ഉപകരണങ്ങളുടെയും മരുന്നുകളുടെയും കിറ്റുകള്‍ സൂക്ഷിക്കണമെന്ന നിവേദനം കണ്ണൂര്‍ ട്രോമാകെയര്‍ സൊസെറ്റി സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യവും ഇതുവരെ പരിഗണിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."