'ഗുരു സംവാദം 'മാതൃകാപദ്ധതിയുമായി ആനയാംകുന്ന് ജി.എല്‍.പി സ്‌കൂള്‍
മുക്കം: സാഹിത്യ മേഖലയിലെ ഗുരുവിനൊപ്പം പ്രകൃതി സുന്ദരമായ പുഴയോരത്തിരുന്ന് പാട്ടും കളിയും കഥയും അഭിനയവുമൊക്കെയായി സംവദിച്ചപ്പോള്‍ പിഞ്ചു കുട്ടികള്‍ക്ക് മറക്കാനാവാത്ത ആസ്വാദ്യവും അനുഭവവുമായി.
കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളെയും പങ്കാളികളാക്കി നടത്തിയ 'നവതിക'ക്വിസിലൂടെ ശ്രദ്ധേയമായ ആനയാംകുന്ന് ഗവ.എല്‍.പി.സ്‌കൂള്‍ ഈ അധ്യയന വര്‍ഷത്തില്‍ കാഴ്ചവെച്ച 'ഗുരു സംവാദം' പരിപാടിയായിരുന്നു രംഗം.
പ്രശസ്ത സാഹിത്യകാരന്‍ ഡോ.എം.എന്‍ കാരശ്ശേരിയോടൊപ്പമായിരുന്നു നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ പാട്ടും കളിയും അഭിനയവും എഴുത്തും പ്രസംഗവുമൊക്കെയായി രാവിലെ മുതല്‍ ഉച്ചവരെ സംവദിച്ചത്.
കാരശ്ശേരി പഞ്ചായത്തില്‍ ഇരുവഴിഞ്ഞിപ്പുഴയോരത്ത്, വെയിലും നിഴലും ഇടകലര്‍ന്ന പ്രകൃതി സുന്ദരമായ മുളങ്കാടുകള്‍ക്കിടയില്‍ എസ്.കെ പൊറ്റക്കാട് സ്മൃതി കേന്ദ്രത്തിന് സമീപമായിരുന്നു വേദി.
ക്ലാസുകളേക്കാളും സെമിനാറുകളേക്കാളും ഫലപ്രദവും ആസ്വാദ്യവുമാണ് ' ഗുരു സംവാദം, പരിപാടിയെന്നും വിവിധ മേഖലകളിലെ ഗുരുക്കളോടൊന്നിച്ച് കുട്ടികള്‍ സംവദിക്കുന്ന രീതിയില്‍ ഈ പദ്ധതി വ്യാപിപ്പിക്കണമെന്നും എം.എന്‍ കാരശ്ശേരി അഭിപ്രായപ്പെട്ടു. ആനയാംകുന്ന് ഗവ.എല്‍.പി.സ്‌കൂള്‍ കാഴ്ചവെച്ച ഗുരു സംവാദം മാതൃകാ പദ്ധതി മറ്റുവിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യാതിഥിയായ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് പറഞ്ഞു.
പ്രധാനാധ്യാപിക കെ.എ ഷൈല, സ്റ്റാഫ് സെക്രട്ടറി പി.കെ സുബൈദ, സലാം കാര മൂല സംസാരിച്ചു. വി.കെ ജയരാജന്‍, ശൈലജ ടി.ടി, ബീനാകുമാരി, മുഹമ്മദ് കക്കാട് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."