ബീച്ചിലെ പൊട്ടിപ്പൊളിഞ്ഞ നടപ്പാത സൗഹൃദ തീരം ബീച്ച് കൂട്ടായ്മ പ്രതിഷേധിച്ചു
കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ കോര്‍പറേഷന്‍ ഓഫിസ് മുന്‍വശം മുതല്‍ സീക്വീന്‍ വരെ പൊട്ടിപൊളിഞ്ഞ നടപ്പാതകള്‍ നവീകരണം ത്വരിതപ്പെടുത്തണമെന്ന് സൗഹൃദ തീരം ബീച്ച് കുട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.
നടപ്പാതയുടെ നിലവിലെ അവസ്ഥ വളരെ പരിതാപകരമാണ്. സൗത്ത് ബീച്ച് സൗന്ദര്യവല്‍കരണം പൂര്‍ത്തിയായി കൊണ്ടിരിക്കേ ഓപ്പണ്‍സ്റ്റേജിന് പിന്‍വശം നവീകരണം നടക്കുമ്പോഴും രണ്ടിനുമിടിയിലുള്ള ആയിരക്കിണക്കിന് സഞ്ചാരികള്‍ എത്തിചേരുന്ന നടപ്പാതകളുടെ നവീകരണത്തിന് ഫണ്ട് വകയിരുത്താത്തതും നടപടികള്‍ കൈക്കൊള്ളാത്തതും തീര്‍ത്തും അധികാരികളുടെ നിസ്സംഗത മൂലം തന്നെയാണെന്ന് സംഗമം ആരോപിച്ചു.
കോടികള്‍ ചെലവഴിച്ച് പണിത ടൈലുകളും ഗ്രാനൈറ്റുകളും ഇന്റര്‍ലോക്കുകളും പൊട്ടിപൊളിഞ്ഞിരിക്കുകയാണ്. ഇവിടെയെത്തുന്ന പ്രഭാത സായാഹ്ന സവാരിക്കാര്‍ക്കും കുടുംബസമേതം ഉല്ലസിക്കാനായി എത്തുന്നവര്‍ക്കും ഇതു വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നേരത്തെയുണ്ടായിരുന്ന മരത്തിന്റെ ഇരിപ്പിടങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്ന് നാമാവശേഷമായിരിക്കുകയാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോറി ഇടിച്ച് തകര്‍ന്ന ഭാഗം പോലും ഇതുവരെ നവീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ അധികാരികളുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. ആവശ്യമായ വെളിച്ചം സജ്ജീകരിക്കാന്‍ പോലും സാധിച്ചിട്ടില്ല.
മുന്‍പ് സ്ഥാപിച്ച വിളക്കുകളും ചവറ്റുകൊട്ടകളും പുനസ്ഥാപിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വിവിധ തലങ്ങളിലുള്ള അധികാരികള്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ട് പോലും നടപടികള്‍ കൈക്കൊണ്ടിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. സംഗമം കോഴിക്കോട്ട് കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി ഉദ്ഘാടനം ചെയ്തു.സൗഹൃദ തീരം ബീച്ച് കൂട്ടായ്മ വൈസ് പ്രസിഡന്റ് ബി.വി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.വി സുല്‍ഫിക്കര്‍, അഡ്വ. എ. ശ്രീജിത്ത്, പി.വി മുഹമ്മദ് സാലിഹ്, എം.പി കോയട്ടി, സേതു മാധവന്‍, എ.എം നസീര്‍, റഫീക്ക് വെള്ളയില്‍, കെ.വി കുഞ്ഞിക്കോയ, സി.വി കാബില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."