അപകടത്തില്‍ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാത്ത സംഭവം പൊലിസ് നടപടിക്കെതിരേ
താമരശേരി: ഇക്കഴിഞ്ഞ വ്യാഴാഴ്ച താമരശേരി ചുങ്കത്ത് അജ്ഞാത വാഹനമിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരുക്കേറ്റ സംഭവത്തില്‍ പരുക്കേറ്റ ആളെ ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കാതിരുന്ന താമരശേരി ട്രാഫിക് പൊലിസിനെതിരെ വ്യാപക പ്രതിഷേധം.
ട്രാഫിക് പൊലിസിന്റെ മനുഷ്യത്വ രഹിത നടപടിക്കെതിരെ മുഖ്യമന്ത്രിക്കും, പൊലിസ് മേധാവിക്കും, മനുഷ്യാവകാശ കമ്മിഷനും ഇത് സംബന്ധിച്ച പരാതികള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായ നൗഷാദ് തെക്കയിലും, മജീദ് താമരശേരിയും കൈമാറി. പരാതിയെ കുറിച്ച് അന്വേഷിക്കുമെന്നും ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഡി.ജി.പിയുടെ ഓഫിസില്‍ നിന്ന് മറുപടിയും പരാതിക്കാര്‍ക്ക് ലഭിച്ചു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.15 ഓടെ ചുങ്കത്തെ ജുമാ മസ്ജിദിനു സമീപം മണ്ണില്‍ക്കടവ് സ്വദേശിയായ യുവാവിനെ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ കടന്നു കളഞ്ഞിരുന്നു. പരുക്കേറ്റ ആള്‍ വീണു കിടക്കുന്നിടത്തുനിന്നും കേവലം 15 മീറ്റര്‍ മാത്രം അകലത്തില്‍ താമരശേരി ട്രാഫിക് യൂനിറ്റിലെ എസ്.ഐയും ഡ്രൈവറും രണ്ട് ഹോം ഗാര്‍ഡുകളുമുണ്ടായിരുന്നു. എന്നാല്‍ പരുക്കേറ്റ ആളെ ആശുപത്രിയില്‍ കൊണ്ടുപോകാനോ സംഭവത്തിന് മുഖം നല്‍കാനോ പൊലിസ് തയ്യാറായിരുന്നില്ല. രക്തം വാര്‍ന്ന് അഞ്ച് മിനിറ്റോളം യാത്രികന്‍ റോഡില്‍ കിടന്നു. പിന്നീട് വയനാട്ടിലേക്ക് പോകുകയായിരുന്ന മറ്റൊരു യാത്രികന്റെ കാറില്‍ താമരശേരി താലൂക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിലടക്കം വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. അപകടത്തില്‍ പരുക്കേറ്റ് കിടക്കുന്നവര്‍ക്ക് പ്രാഥമിക ചികിത്സകള്‍ നല്‍കാനും അവരെ അടിയന്തിരമായി ആശുപത്രിയിലെത്തിക്കുന്നതിനുമുള്ള സംവിധാനങ്ങളെ കുറിച്ച് പൊലിസ് തന്നെ ഒരു ഭാഗത്ത് പ്രചാരണം നടത്തുന്നുണ്ട്.
ഇങ്ങനെ സഹായിക്കുന്ന ആളുകള്‍ക്ക് ചിലവായ തുകകള്‍ അതാത് സര്‍ക്കിളുകളിലെ സി.ഐമാരില്‍ നിന്നും കൈപറ്റണമെന്നും പൊലിസ് പറയുന്നു.
ഇത്തരം ഒരു സാഹചര്യത്തിലാണ് പരുക്കേയാളെ ആശുപത്രിയിലെത്തിക്കാന്‍ പൊലിസ് തയ്യാറാവാതിരുന്നത്. അതേസമയം ഹോംഗാര്‍ഡുകളാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതെന്നും ഡ്യൂട്ടി ചുമതലയുള്ള ഉദ്യോഗസ്ഥന്റെ നിര്‍ദേശമില്ലാതെ ഹോം ഗാര്‍ഡുകള്‍ക്ക് നടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്നുമുള്ള വിചിത്രവാദമാണ് പൊലിസ് ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."