കൊറോണ വൈറസ് ഭീതിയില്‍ വീണ്ടും സഊദി: ആഴ്ചകള്‍ക്കുള്ളില്‍ 34 പേര്‍ക്ക് വൈറസ് ബാധ
ദമാം: രാജ്യത്ത് മാസങ്ങള്‍ക്കു ശേഷം വീണ്ടും ഭീതി പരത്തി കൊറോണ വൈറസ് ബാധ സ്ഥിരീകരണം. കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്നതായാണ് പുതിയ കണക്കുകള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ഒമ്പത് ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി 34 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. 49 വയസ്സുള്ള സ്ത്രീയാണ് റിയാദില്‍ രോഗം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മെര്‍സ് രോഗം ബാധിച്ച് അറുന്നൂറോളം പേര്‍ സഊദിയില്‍ മരണത്തിന് കീഴടങ്ങിയിട്ടുണ്ടെന്നാണ് കണക്കുകള്‍.
ഇപ്പോള്‍ രോഗബാധ കണ്ടെത്തിയ 33 പേരില്‍ 25 പേര്‍ തലസ്ഥാന നഗരിയായ റിയാദില്‍ നിന്നുമുള്ളവരാണ്. രണ്ടുപേര്‍ വീതം ജിദ്ദ, ത്വായിഫ് എന്നിവിടങ്ങളില്‍ നിന്നും അഞ്ചു പേര്‍ നജ്‌റാന്‍ മദീനയില്‍ നിന്നുമുള്ളവരാണ് ഒരാള്‍ അല്‍ഖര്‍ജില്‍ നിന്നുമുള്ളയാളാണ്. അതേസമയം, രോഗബാധിതരില്‍ 17 പേര്‍ സഊദി ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ ജോലി ചെയ്യുന്ന വിദേശികളാണെന്നാണ് റിപ്പോര്‍ട്ട്. 16 പേര്‍ സ്വദേശി പൗരന്മാരുമാണ്. രോഗബാധിതരില്‍ രണ്ടുപേരുടെ നില അതീവഗുരുതരമാണ്.
സഊദി ആരോഗ്യമന്ത്രാലയത്തിനു കീഴിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നതിനിടെ രോഗികളുമായി ഇടപഴകിയതാണ് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ളവര്‍ക്ക് കൊറോണ വൈറസ് പടര്‍ന്നു പിടിക്കാന്‍ കാരണമായതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നേരത്തെ വിവിധ മേഖലകളില്‍ രോഗം പടര്‍ന്നുപിടിച്ചെങ്കിലും കനത്ത രീതിയിലുള്ള മുന്‍ കരുതലാണ് സഊദി ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിരുന്നത്.
2012 സെപ്തംബര്‍ മുതലാണ് സഊദിയില്‍ മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രം) കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഇതുവരെയായി 600 ഓളം പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ട്. ചൂട് കൂടുന്നതാണ് രോഗം പടര്‍ന്നുപിടിക്കാന്‍ കാരണമെന്ന് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കഴിഞ്ഞ വര്‍ഷം ചൂണ്ടി കാണിച്ചിരുന്നു. കണ്ടെത്തല്‍ ശരിപ്പെടുത്തുന്നതാണ് ഇപ്പോള്‍ കനത്ത ചൂടില്‍ വീണ്ടും വൈറസ് ബാധ വ്യാപകമായത്. വൈറസ് ബാധയില്‍ നിന്നും രക്ഷ നേടുന്നതിനായി വിവിധ മുന്നറിയിപ്പുകളും സഊദി ആരോഗ്യമന്ത്രാലയം നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."