മാധ്യമ പ്രവര്ത്തകന് നേരെ കല്‍പ്പറ്റ എം.എല്‍.എയുടെ കൈയേറ്റ ശ്രമം
കല്‍പ്പറ്റ: വാഹനാപകടത്തിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മാധ്യമ പ്രവര്ത്തകന് നേരെ എം.എല്‍.എയുടെ കയ്യേറ്റശ്രമം. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ പി ജയേഷിനു നേരെയാണ് കല്‍പ്പറ്റയില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എയുടെ കൈയേറ്റ ശ്രമം നടന്നത്. മന്ത്രിസഭാ വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടി നടക്കുന്ന എസ്.കെ.എം.ജെ സ്കൂളിനു മുന്നിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ജയേഷും മറ്റു മാധ്യമപ്രവര്‍ത്തകരും. അതിനിടക്കാണ് സ്ഥലത്തെത്തിയ എം.എല്‍.എ ജയേഷിനുനേരെ തട്ടിക്കയറിയത്.
അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ ഫോട്ടോയെടുക്കുന്നു എന്നാരോപിച്ചായിരുന്നു എം.എല്‍.എയുടെ രോഷപ്രകടനം. രക്ഷിക്കാന്‍ തടിച്ചുകൂടിയവരില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ജോലിയുടെ ഭാഗമായി അത് ചിത്രീകരിക്കുകയാണെന്നും ജയേഷും പറഞ്ഞു. ഇതോടെ വീണ്ടും മോശമായി സംസാരിച്ച എം.എല്‍.എ പിന്തിരിഞ്ഞെങ്കിലും അല്പനേരത്തിന് ശേഷം വീണ്ടും ജയേഷിന് നേരെ കുതിച്ചെത്തി. എന്നാല്‍ മറ്റു മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് എം.എല്‍.എയെ തടയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."