'വണ്‍ ക്ലിക്ക് ഫോര്‍ സെയ്ഫ് ട്രിപ്പ് ' ഓണ്‍ലൈന്‍ ഓട്ടോ സര്‍വിസിന് കാസര്‍കോട്ടും തുടക്കം
കാസര്‍കോട്: കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ നടപ്പാക്കിയ ഓണ്‍ലൈന്‍ ഓട്ടോ സര്‍വിസ് കാസര്‍കോട്ടും ഓടിത്തുടങ്ങി. നിലവില്‍ പരിമിതമായ ഓട്ടോറിക്ഷകളില്‍ നടപ്പാക്കിയ സംവിധാനം വരും ദിവസങ്ങളില്‍ വ്യാപകമാക്കാനാണു സംരംഭകരുടെ തീരുമാനം. ഇന്നലെ കലക്ടറേറ്റ് വളപ്പില്‍ ഓണ്‍ലൈന്‍ ഓട്ടോ സര്‍വിസിന്റെ ഉദ്ഘാടനം കലക്ടര്‍ കെ. ജീവന്‍ബാബു ഉദ്ഘാടനം ചെയ്തു.
ചേര്‍ത്തല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭകരാണ് കാസര്‍കോട്ടും ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഓട്ടോ സര്‍വിസ് ആരംഭിച്ചിരിക്കുന്നത്. പണം നല്‍കിയും കാഷ്‌ലെസ് സംവിധാനത്തിലൂടെയും ഓണ്‍ലൈന്‍ ഓട്ടോ സര്‍വിസ് ഉപയോഗിക്കാവുന്നതാണ്. ഓട്ടോറിക്ഷകളില്‍ സ്ഥാപിക്കുന്ന ടാബ്‌ലെറ്റ് സംവിധാനം മുഖേനയാണ് ഉപഭോക്താക്കള്‍ക്ക് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമായി ബന്ധപ്പെടാനാവുക. 'വെഹിക്കിള്‍ എസ്.ടി' എന്ന ആപ് വഴിയാണ് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തേണ്ടത്. ഇത്തരത്തില്‍ ബന്ധപ്പെടുന്ന ഉപഭോക്താവിന് തങ്ങള്‍ പുറപ്പെടാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തിന്റെ ഏറ്റവുമടുത്തുള്ള ഓട്ടോറിക്ഷകളുടെ നമ്പര്‍, ഡ്രൈവറുടെ പേര്, എത്തിച്ചേരേണ്ട സ്ഥലത്തേക്കുള്ള ഓട്ടോറിക്ഷാ ചാര്‍ജ് എന്നിവ അറിയാന്‍ പറ്റും. ഇതില്‍നിന്ന് ഇഷ്ടമുള്ള ഓട്ടോറിക്ഷ യാത്രക്കാരനു തിരഞ്ഞെടുക്കാം.
ഓണ്‍ലൈന്‍ ടാക്‌സി സര്‍വിസിനു ചുവടുപിടിച്ചാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഓട്ടോ സര്‍വിസും ആരംഭിച്ചത്. സുരക്ഷിതവും സുഗമവുമായ യാത്രയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു സംരംഭകര്‍ വാദിക്കുന്നു. സ്ത്രീകളുടെ രാത്രിയാത്ര ഉറപ്പാക്കാന്‍ ഉപകരിക്കുന്ന തരത്തില്‍ വാഹനത്തിന്റെ വിവരം വീട്ടിലുള്ളവര്‍ക്കും അറിയാന്‍ കഴിയുമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
കാസര്‍കോട് ആര്‍.ടി.ഒ കെ. ബാലകൃഷ്ണന്‍, ജോയിന്റ് ആര്‍.ടി.ഒ എ.കെ രാജീവന്‍, കെ.എം ഷാഫി, അനസ് ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."