ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്‌സ് സാമൂഹ്യവിരുദ്ധരുടെ താവളം
കുറ്റ്യാടി: ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്‌സ് സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു. കുറ്റ്യാടി ഗവ. ആശുപത്രിയും പഞ്ചായത്ത് ഫോറസ്റ്റ് ഓഫിസുമുള്ള കോമ്പൗണ്ടിലാണ് ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള ക്വാര്‍ട്ടേഴ്‌സ് വെയിലും മഴയുമേറ്റ് ഉപയോഗശൂന്യമായി നശിക്കുന്നത്. മുന്‍പ് ഈ ക്വാര്‍ട്ടേഴ്‌സുകളിലെ മുഴുവന്‍ മുറികളിലും ആള്‍താമസമുണ്ടായിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്താത്തത് കാരണം തകര്‍ച്ചയിലായതോടെ താമസക്കാരെല്ലാം മറ്റു സ്ഥലങ്ങളിലേക്ക് മാറി. ഇതോടെ ആള്‍താമസമില്ലാത്ത കെട്ടിടം മദ്യപാനികളുടെ കേന്ദ്രമായി മാറുകയായിരുന്നു.
പകല്‍ സമയങ്ങളില്‍ പോലും മദ്യപാനത്തിനും മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. കെട്ടിടത്തുനുള്ളില്‍ നടക്കുന്നതൊന്നും പുറത്തുനിന്നുള്ളവര്‍ക്ക് അറിയാന്‍ കഴിയില്ല. കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും ജീവനക്കാരും ഉപയോഗിക്കുന്ന എളുപ്പവഴി കൂടിയാണിത്.
രാത്രികാലങ്ങളില്‍ അസാന്മാര്‍ഗിക കേന്ദ്രമായും കെട്ടിടം മാറിയിട്ടുണ്ട്. നൂറുകണക്കിന് മദ്യകുപ്പികളും മറ്റു പ്ലാസ്റ്റിക് കുപ്പികളും കെട്ടിടത്തിന് ചുറ്റും നിറഞ്ഞുകിടക്കുകയാണ്. കെട്ടിടത്തിന്റെ മര ഉരുപ്പടികളും ഓടും വന്‍തോതില്‍ സാമൂഹ്യവിരുദ്ധര്‍ കൊണ്ടുപോയിട്ടുണ്ട്. വൈകിട്ടോടെ ക്വാര്‍ട്ടേഴ്‌സിലും ഹൈസ്‌കൂള്‍ ഗേറ്റിലും നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."