കേരളത്തില്‍ നിന്നുള്ള യാത്രാ സംഘത്തിനു നേരെ കശ്മിരില്‍ ആക്രമണം
നീലേശ്വരം : കേരളത്തില്‍ നിന്നു പോയ വിനോദ യാത്രാ സംഘത്തിനു നേരെ കശ്മിരില്‍ തീവ്രവാദ അനുകൂലികളുടെ ആക്രമണം. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 47 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ശക്തമായ കല്ലേറില്‍ ഇവരുടെ നാലു വാഹനങ്ങള്‍ തകരുകയും ഏഴു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
മുഴപ്പിലങ്ങാട്ടെ സ്വപ്നതീരം ഏജന്‍സി വഴിയാണ് സംഘം യാത്ര തിരിച്ചത്. ഏപ്രില്‍ 26 ന് രാജധാനി എക്‌സ്പ്രസില്‍ ഡല്‍ഹിയിലും പിന്നീട് ഉദംപൂരിലും എത്തിയ സംഘം നാല് ട്രാവലറുകളിലായിട്ടാണ് കശ്മിരിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയത്.
30 ന് രാത്രി എട്ടോടെ അനന്ത്‌നാഗ് ജില്ലയില്‍ പഹല്‍ഗാമിനു സമീപം അഷ്മുഖാം എന്ന സ്ഥലത്തെത്തിയപ്പോഴാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബേത്താബ് താഴ്‌വര കണ്ട് ശ്രീനഗറിലെ ഹോട്ടലിലേക്കു മടങ്ങുകയായിരുന്നു ഇവര്‍.
ഉറൂസ് നടന്നു വരുന്ന ഒരു പള്ളിക്കു സമീപമെത്തിയ ഇവരെ വിശ്വാസികള്‍ സൗഹാര്‍ദപൂര്‍വം യാത്രയാക്കിയെങ്കിലും സമീപത്തായി തമ്പടിച്ചിരുന്ന ഒരു സംഘം പെട്ടെന്നു കല്ലേറു തുടങ്ങി.
ദേശീയ പതാക കണ്ടതാണ് ആക്രമണത്തിന് കാരണമെന്ന് കരുതി പതാക അഴിച്ചുമാറ്റിയെങ്കിലും കല്ലേറ് രൂക്ഷമായതോടെ യാത്രാസംഘം വാഹനത്തില്‍ കയറിയിരുന്നു. രൂക്ഷമായ കല്ലേറിനിടയില്‍ മനസാന്നിധ്യം കൈവിടാതെ ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ അതിവേഗം ഓടിച്ച് അടുത്തുള്ള പെട്രോള്‍ പമ്പിലെത്തിച്ചു.
പൊലിസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അനന്ത്‌നാഗ് കലക്ടറും എ.ഡി.എമ്മും സ്ഥലത്തെത്തി ഇവരെ ആശ്വസിപ്പിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു.
പരുക്കേറ്റവരെ ആശുപത്രിയില്‍ ചികിത്സക്ക് വിധേയരാക്കി. കാസര്‍കോട്ടു നിന്നു പോയ യാത്രക്കാരില്‍ ചന്ദ്രന്‍ കരുവളം, ബി.ഷീന, കെ.കൃഷ്ണന്‍ എന്നിവര്‍ക്ക് ആക്രമണത്തില്‍ സാരമായ പരുക്കേറ്റു. സായുധ പൊലിസ് വാഹന വ്യൂഹത്തിലായിരുന്നു തുടര്‍ യാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."