ലബനാനില്‍ ഹിസ്ബുല്ല സഖ്യത്തിന് നേട്ടമെന്ന് റിപ്പോര്‍ട്ട്
ബെയ്‌റൂത്ത്: ലബനാനില്‍ നടന്ന ചരിത്രപരമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശീഈ സംഘമായ ഹിസ്ബുല്ല സഖ്യത്തിനു നേട്ടമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ആകെ 128 മണ്ഡലങ്ങളില്‍ പകുതിയിലേറെയും ഹിസ്ബുല്ല സഖ്യം സ്വന്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇത് രാഷ്ട്രീയപരവും ധാര്‍മികയവുമായ വിജയമാണെന്ന് ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസന്‍ നസ്‌റുല്ല പ്രതികരിച്ചു.
ഒന്‍പതു വര്‍ഷത്തിനു ശേഷം ആദ്യമായി നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹിസ്ബുല്ല സഖ്യം 67 സീറ്റുകള്‍ നേടിയതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി സഅദ് ഹരീരിയുടെ പാര്‍ട്ടി മൂന്നിലൊന്ന് സീറ്റുകളിലും പരാജയപ്പെട്ടു. പരിഷ്‌കരിച്ച തെരഞ്ഞെടുപ്പ് പ്രക്രിയയാണു പരാജയത്തിനു കാരണമെന്ന് ഹരീരി പ്രതികരിച്ചിട്ടുണ്ട്. മാറിയ വോട്ടിങ് രീതിയെ കുറിച്ചു ജനങ്ങള്‍ക്കിടയിലുണ്ടായ ആശങ്കകളാണ് പാര്‍ട്ടിയുടെ പ്രകടനം മോശമാകാനിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ലബനാനിലെ സുന്നി ഭൂരിപക്ഷ പാര്‍ട്ടിയായ ഫൂച്ചര്‍ മൂവ്‌മെന്റ് നേതാവാണ് ഹരീരി.
അതേസമയം, ഹിസ്ബുല്ല വിരുദ്ധ കക്ഷിയായ ക്രിസ്ത്യന്‍ പാര്‍ട്ടി അംഗസംഖ്യ ഇരട്ടിയോളമാക്കി. 15 സീറ്റുകളില്‍ പാര്‍ട്ടി വിജയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ പാര്‍ലമെന്റില്‍ എട്ട് എം.പിമാരായിരുന്നു പാര്‍ട്ടിക്കുണ്ടായിരുന്നത്.
കഴിഞ്ഞ തവണത്തേതു പോലെ എല്ലാ പ്രധാന പാര്‍ട്ടികളെയും ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനായിരിക്കും നീക്കം എന്നാണ് അറിയുന്നത്. ഹരീരി സര്‍ക്കാറില്‍ ഹിസ്ബുല്ല അംഗങ്ങളും മന്ത്രിമാരായിരുന്നു.
2011ല്‍ സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ശേഷം ലബനാനില്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് അഭയാര്‍ഥി പ്രവാഹം രൂക്ഷമായതോടെ രാജ്യത്തെ സാമ്പത്തികനില താറുമാറായിരുന്നു.
കഴിഞ്ഞ വര്‍ഷം രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം അടിമുടി മാറ്റിയ ശേഷമാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. വിവിധ മതവിഭാഗങ്ങള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."