വാളയാറിലെ കുട്ടികളുടെ ആത്മഹത്യ: ശിശുക്ഷേമ-സാമൂഹ്യനീതി വകുപ്പുകള്‍ ലക്ഷ്യത്തിലെത്തിയില്ലെന്ന്
പാലക്കാട്: ശിശുക്ഷേമവകുപ്പിന്റെയും സാമൂഹ്യനീതിവകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിയിലെത്താത്തതു കൊണ്ടാണ് വാളയാറില്‍ കുട്ടികളുടെ ആത്മഹത്യകള്‍ ആവര്‍ത്തിക്കുന്നതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. വാളയാര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ 16 വയസുള്ള പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കമ്മിഷന്‍ അംഗം കെ. മോഹന്‍ കുമാറിന്റെ ഉത്തരവ്.
സംഭവത്തില്‍ പാലക്കാട് ജില്ലാ പൊലിസ് മേധാവി കമ്മിഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വാളയാര്‍ സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 36018 ആയി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യ ചെയ്ത പെണ്‍കുട്ടി ലൈംഗിക അതിക്രമത്തിന് വിധേയയായിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ സുഹൃത്ത്, അടുത്ത ബന്ധു, അമ്മയുടെ സുഹൃത്ത് എന്നിവരാണ് പ്രതികള്‍.
ജനമൈത്രി പൊലിസ് വിദ്യാലയങ്ങളില്‍ മാസം തോറും ബോധവത്കരണ ക്ലാസുകള്‍ നടത്താറുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ ശിശുക്ഷേമവകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ തലത്തില്‍ കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്തണമെന്നും അങ്കണവാടികള്‍ കേന്ദ്രീകരിച്ച് ആശാവര്‍ക്കര്‍മാര്‍ വഴി കൂട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ശിശുക്ഷേമവകുപ്പിനെ അറിയിക്കണമെന്നും പൊലിസ് റിപ്പോര്‍ട്ടിലുണ്ട്. വീടുകള്‍ കേന്ദ്രീകരിച്ച് ഒരു സര്‍വേ നടത്തുന്നത് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സമാനവിഷയത്തില്‍ കമ്മിഷന്‍ നേരത്തെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2017 ജൂണ്‍ 12ലെ ഉത്തരവില്‍ പൊലിസ്, ശിശുക്ഷേമ സംവിധാനങ്ങളുടെ ദൗര്‍ബല്യങ്ങളെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍, കുടുംബശ്രീ തുടങ്ങിയവ ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രസ്തുത ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. സംഘടനകള്‍ക്ക് ഇതു സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും കമ്മിഷന്‍ ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ക്കും ഡയരക്ടര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഉത്തരവില്‍ ചൂണ്ടികാണിച്ചിരുന്നതു പോലെ ശിശിക്ഷേമവകുപ്പും സാമൂഹ്യനീതിവകുപ്പും പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ വാളയാറില്‍ പതിനാറുകാരി ആത്മഹത്യ ചെയ്യില്ലായിരുന്നുവെന്നും കമ്മിഷന്‍ ചൂണ്ടികാണിച്ചു.
ജില്ലാ പൊലിസ് മേധാവിയുടെ റിപ്പോര്‍ട്ട് പാലക്കാട് ജില്ലാ കലക്ടറും ജില്ലാ സാമൂഹ്യനീതി ഓഫിസറും പരിശോധിച്ച് പ്രതികരണം നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ളില്‍ കലക്ടറും സാമൂഹ്യനീതിവകുപ്പും പ്രതികരണം നല്‍കണം. കേസ് ജൂണ്‍ 22ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."