മോദി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്നു: പന്ന്യന്‍
തൊടുപുഴ: താന്‍ വന്ന വഴി മറക്കില്ലെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി കോര്‍പറേറ്റ് മുതലാളിമാരെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും പാവപ്പെട്ടവര്‍ക്ക് വാഗ്ദാനങ്ങള്‍ മാത്രം നല്‍കി കഴിഞ്ഞ രണ്ടുവര്‍ഷമായി വഞ്ചിക്കുകയാണെന്നും സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
സി.പി.ഐ നേതാവ് വഴിത്തല ഭാസ്‌കരന്റെ 12 ാ മത് അനുസ്മരണ സമ്മേളനം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വന്‍കിട മുതലളിമാരെ കൂട്ടു പിടിച്ച് കോടികള്‍ ഒഴുക്കി ഭരണത്തിലേറിയ മോദി ഇതിന്റെ നന്ദിയും കടപ്പാടും അറിയിക്കാനാണ് രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകള്‍ക്കു തീറെഴുതി കൊടുക്കുവാനുള്ള തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്നത്. പൊതു മേഖല സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകളുടെ കൈയ്യില്‍ എത്തുന്നതോടെ രാജ്യത്ത് സാമ്പത്തിക അസന്തുലിതാവസ്ഥയുണ്ടാകുമെന്നും പന്ന്യന്‍ പറഞ്ഞു.
മതത്തിന്റെയും ജാതിയുടെയും പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ വേണ്ടി ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കാനുള്ള ഗൂഢ ശ്രമമാണു നടക്കുന്നത്.
ദലിതരെയും പിന്നോക്കക്കാരെയും ഹിന്ദുക്കളായി അംഗീകരിക്കാന്‍ തയ്യാറാകാത്ത ബി.ജെ.പി സവര്‍ണ ആധിപത്യത്തിലൂടെ പാവപ്പെട്ടവരെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണു നടത്തുന്നതെന്നും പന്ന്യന്‍ പറഞ്ഞു. രാഷ്ട്രീയം നിസ്വാര്‍ഥ ജന സേവനമായി കണ്ടതു കൊണ്ടാണു സഖാവ് വഴിത്തല ഭാസ്‌കരന്‍ എന്നും ജനമനസുകളില്‍ മായാതെ ജീവിക്കുന്നതെന്ന് പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം കെ സലിംകുമാര്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍, സംസ്ഥാന സമതിയംഗം മാത്യു വര്‍ഗീസ്, എം.എല്‍.എമാരായ ഇ.എസ് ബിജിമോള്‍, എല്‍ദോ എബ്രഹാം, സി.പി.ഐ തൊടുപുഴ താലൂക്ക് സെക്രട്ടറി പി.പി ജോയി, മുഹമ്മദ് അഫ്‌സല്‍, വി.ആര്‍ പ്രമോദ്, ആര്‍ തുളസീധരന്‍, പി.കെ പുരുഷോത്തമന്‍, കെ.കെ ബിനോയി, പി.എസ് സുരേഷ്, ഗീത തുളസീധരന്‍, പി.കെ സോമന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."