മുന്നണികളോടുള്ള സമീപനം കേരളാ കോണ്‍ഗ്രസ് എമ്മില്‍ ആശയക്കുഴപ്പമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്
കോട്ടയം: മുന്നണികളോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം ശക്തമാണെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. പാര്‍ട്ടിയിലെ ഒരു വിഭാഗം ബി.ജെ.പിയോടൊപ്പം പോകണമെന്നും മറ്റൊരു വിഭാഗം എല്‍.ഡി.എഫിനൊപ്പം പോകണമെന്നും മറ്റുള്ളവര്‍ക്ക് യു.ഡി.എഫ് തന്നെ മതിയെന്നുമാണ് അഭിപ്രായം.
ഈ ആശയക്കുഴപ്പം ആ പാര്‍ട്ടിയെ അതിന്റെ സ്വാഭാവിക പരിണാമത്തിലെത്തിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കസ്തൂരിരംഗന്‍ വിഷയത്തില്‍ ഇപ്പോള്‍ മാത്രം വെയിലു കൊള്ളാനിറങ്ങിയ കേരളാ കോണ്‍ഗ്രസ് (എം)ന്റെ ആത്മാര്‍ഥത ജനങ്ങള്‍ വിലയിരുത്തും. പൂഞ്ഞാറിലെ പാര്‍ട്ടിയുടെ തോല്‍വിയെ കുറിച്ച് അന്വേഷിച്ച സി.പി.എം നേതൃത്വം ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുത്തതില്‍ ചാരിതാര്‍ഥ്യമുണ്ട്.
ജനങ്ങളുടെ മേല്‍ ബാങ്കുകള്‍ അടിച്ചേല്‍പ്പിക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ജനാധിപത്യ കേരളകോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും.
ഇതിന്റെ ആദ്യഘട്ടമായി ഈ മാസം 24ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും റിസര്‍വ് ബാങ്കകളുടെ മുന്നിലും മറ്റ് ദേശസാത്കൃത ബാങ്കുകളുടെ മുന്നിലും കൂട്ടധര്‍ണ സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എ.ടി.എം ഉപയോഗിക്കുന്നതിന് ഫീസ് ഏര്‍പ്പെടുത്തിയും നിക്ഷേപം പിന്‍വലിക്കുന്നതിന് മിനിമം ബാലന്‍സ് ഏര്‍പ്പെടുത്തിയും അപ്രഖ്യാപിത ഫീസുകള്‍ ഏര്‍പ്പെടുത്തിയും ഇടപാടുകാരെ ബാങ്കുകള്‍ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പ് സുതാര്യമാക്കണമെന്നും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി ലഭ്യമാക്കണമെന്നും, വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വര്‍ധിപ്പിച്ച നടപടിയില്‍ നിന്നും ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യ പിന്മാറണമെന്നും, സംസ്ഥാനത്തെ വര്‍ഗീയ ശക്തികളെയും സദാചാര പൊലിസുകാരെയും നിയന്ത്രിക്കണമെന്നും ചരല്‍ക്കുന്നില്‍ ചേര്‍ന്ന പ്രവര്‍ത്തകയോഗം ആവശ്യട്ടതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
നേതാക്കളായ എം പി പോളി, ഏലിയാസ് സഖറിയ, അഡ്വ. ഫ്രാന്‍സിസ് തോമസ്, ജോസ് പാറേക്കാട്ട്, മാത്യൂസ് ജോര്‍ജ്ജ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."