യൂറോപ്പില്‍ ശിരോവസ്ത്ര വിലക്ക്
ലക്‌സംബര്‍ഗ് സിറ്റി: ജോലിസ്ഥലങ്ങളില്‍ ശിരോവസ്ത്രം പോലുള്ള മത, രാഷ്ട്ട്രീയ, തത്വചിന്താപരമായ അടയാളങ്ങള്‍ വിലക്കാന്‍ തൊഴിലുടമക്ക് അധികാരമുണ്ടെന്ന് യൂറോപ്യന്‍ യൂനിയന്‍ കോടതി. യൂറോപ്പിലെ കമ്പനികളില്‍ മുസ്‌ലിം ജീവനക്കാരുടെ ശിരോവസ്ത്രം വിലക്കുന്നതാണ് വിധി.
ഫ്രാന്‍സ്, ബെല്‍ജിയം എന്നിവിടങ്ങളിലെ രണ്ട് സ്ത്രീകള്‍ നല്‍കിയ ഹരജിയിലാണ് വിധി. യൂറോപ്പിലെങ്ങും ശിരോവസ്ത്രവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് കോടതികളിലുള്ളത്. ജോലി സ്ഥലത്ത് മത, രാഷ്ട്രീയ ചിഹ്നങ്ങള്‍ വിലക്കുന്നത് വിവേചനമായി കരുതാനാകില്ലെന്ന് കോടതി പ്രസ്താവനയില്‍ പറഞ്ഞു.
യൂറോപ്യന്‍ യൂനിയന്‍ നിയമം അനുസരിച്ച് ആര്‍ക്കും വിവേചനം അനുവദിക്കുന്നില്ല. എന്നാല്‍ ആരോപണ വിധേയമായ കമ്പനി ജീവനക്കാരെ തുല്യരായി കാണാനാണ് ശ്രമിച്ചതെന്ന വാദം കോടതി അംഗീകരിച്ചു.
കമ്പനിയുടെ നിയമങ്ങളില്‍ ഇളവുകള്‍ അനുവദിക്കുന്നുണ്ടെങ്കില്‍ മതചിഹ്നങ്ങള്‍ ധരിക്കുന്നതിന് തടസമില്ല. എന്നാല്‍ സ്ഥാപനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ തൊഴിലാളികള്‍ അത് അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും കോടതി വിശദീകരിച്ചു. യൂറോപ്പില്‍ അഭയാര്‍ഥി പ്രശ്‌നം രൂക്ഷമാകുകയും അതോടൊപ്പം വംശീയ ആക്രമണങ്ങള്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് യൂറോപ്യന്‍ യൂനിയന്‍ പരമോന്നത കോടതിയുടെ വിധി.
മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ജോലിസ്ഥലത്തു നിന്ന് അഴിപ്പിച്ചു എന്ന് പരാതിപ്പെട്ടാണ് ഹരജിക്കാരികള്‍ കോടതിയെ സമീപിച്ചത്. 2003 ല്‍ ഫയല്‍ ചെയ്ത കേസിലാണ് വിധി. സമീറ അച്ബിത എന്ന ജി4എസ് സെക്യൂരിറ്റി സര്‍വിസിലെ റിസപ്ഷനിസ്റ്റായ യുവതിയാണ് കേസ് ഫയല്‍ ചെയ്തത്.
ബെല്‍ജിയത്തിലെ ഓഫിസില്‍ ജോലി ചെയ്യവെയാണ് തനിക്ക് ദുരനുഭവമുണ്ടായതെന്ന് യുവതി ഹരജിയില്‍ പറയുന്നു. കമ്പനിയില്‍ അലിഖിത നിയമമുണ്ടെന്ന് പറഞ്ഞാണ് ശിരോവസ്ത്രം വിലക്കിയതെന്ന് യുവതി ആരോപിച്ചു. 2006 ലും കമ്പനിയോട് സമീറ ശിരോവസ്ത്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. തുടര്‍ന്നാണ് വിവേചനം ചൂണ്ടിക്കാട്ടി അവര്‍ കോടതിയെ സമീപിച്ചത്.
എന്നാല്‍ ഫ്രാന്‍സില്‍ നിന്നുള്ള ഹരജിക്കാരിയായ അസ്മ ബൗഗനോഗിയുടെ ഹരജിയില്‍ കോടതി അനുകൂല നിലപാട് സ്വീകരിച്ചു. ഡിസൈന്‍ എന്‍ജിനീയറായ അസ്മ മൈക്രോപോള്‍ എന്ന കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഹിജാബ് അഴിച്ചുവയ്ക്കണമെന്ന് 2008 ല്‍ അസ്മയോട് ഉപഭോക്താവ് ആവശ്യപ്പെട്ടെന്നാണ് പരാതി. ഇത്തരം ആവശ്യമുന്നയിക്കാന്‍ ഉപഭോക്താവിന് അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിവേചനം ആരോപിച്ചാണ് അസ്മ കോടതിയെ സമീപിച്ചത്. വിധിയുടെ പശ്ചാത്തലത്തില്‍ സിക്കുകാരുടെ തലപ്പാവ്, ഹിജാബ്, കൊന്ത, രാഷ്ട്രീയ ആശയങ്ങളുള്ള ടി ഷര്‍ട്ട് എന്നിവയ്ക്കു വിലക്കുവരും.
ശിരോവസ്ത്ര വിലക്ക്:
യൂറോപ്പിലെങ്ങും പ്രതിഷേധം
ബ്രസല്‍സ്: യൂറോപ്യന്‍ കോടതിയുടെ ശിരോവസ്ത്ര നിരോധന ഉത്തരവിനെതിരേ യൂറോപിലെങ്ങും പ്രതിഷേധം ശക്തമായി. യൂറോപ്യന്‍ കോടതിയുടെ വിധി നിരാശാജനകമാണെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ യൂറോപ്, മധ്യേഷ്യന്‍ ഡയറക്ടര്‍ ജോണ്‍ ദല്‍ഹുസൈന്‍ പറഞ്ഞു.
യൂറോപ്യന്‍ ഫോറം ഓഫ് മുസ്‌ലിം വിമന്‍ വിധിയെ അപലപിച്ചു. യൂറോപ്പിലെ പരമോന്നത കോടതിയുടെ വിധി നിരാശപ്പെടുത്തുന്നതും സമത്വം, നീതി എന്നിവയോടുള്ള ഭീഷണിയാണെന്നും സംഘടന പ്രസ്താവനയില്‍ പറഞ്ഞു. യൂറോപ്പില്‍ വംശീയവാദികള്‍ ലക്ഷ്യം വയ്ക്കുന്നത് മുസ്‌ലിം സ്ത്രീകളെയാണ്. അത്തരം ആക്രമണങ്ങള്‍ക്ക് വിധി ശക്തിപകരുമെന്നും സംഘടന പറഞ്ഞു. വിധിയില്‍ പ്രതിഷേധിച്ച് യൂറോപ്യന്‍ നെറ്റ്്‌വര്‍ക് എഗെയ്ന്‍സ്റ്റ് റാസിസം (ഇ.എന്‍.എ.ആര്‍) രംഗത്തെത്തി. എല്ലാ മുസ്‌ലിം സ്ത്രീകളും ജോലിസ്ഥലത്ത് ശിരോവസ്ത്രം ധരിക്കുന്നതിനാല്‍ വിധി ആശ്ചര്യപ്പെടുത്തുന്നുവെന്ന് സംഘടനയുടെ ചെയര്‍മാന്‍ അമീന്‍ യാസിഫ് പറഞ്ഞു.
യൂറോപ്പിലെ മുസ്‌ലിം വിദ്യാര്‍ഥികളുടെ സംഘടനയായ മുസ്‌ലിം യൂത്ത് ആന്‍ഡ് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ വിധിയില്‍ പ്രതിഷേധം രേഖപ്പെടുത്തി. വിവേചനമാണ് വിധിയെന്ന് അവര്‍ കുറ്റപ്പെടുത്തി. ഫ്രാന്‍സിലെ ഇസ്‌ലാമോഫോബിയക്കെതിരേ പ്രവര്‍ത്തിക്കുന്ന സി.സി.ഐ.എഫ് എന്ന സംഘടന വിധിയെ വിശേഷിപ്പിച്ചത് സാമ്പത്തികവും സാമൂഹികവുമായ മരണം എന്നാണ്. ബുര്‍ക്കിനി നിരോധനത്തിനെതിരേ നിയമയുദ്ധം നടത്തിയ സംഘടനയാണ് സി.സി.ഐ.എഫ്.
വിധി അപകടകരമാണെന്ന് ഫെഡറേഷന്‍ ഓഫ് മുസ്‌ലിംസ് ഓഫ് ദി സൗത്ത് ഓഫ് ഫ്രാന്‍സ് മുന്‍ വക്താവ് ഫൈസ ബിന്‍ മുഹമ്മദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."