ചൂടിനെ പ്രതിരോധിക്കാന്‍ അന്‍സാരിയുടെ എയര്‍കണ്ടീഷണര്‍
കരുവാരക്കുണ്ട്: വേനലിന്റെ ചൂടിനെ പ്രതിരോധിക്കാന്‍ വിദ്യാര്‍ഥിയായ അന്‍സാരിയുടെ എയര്‍കണ്ടീഷണര്‍ നിര്‍മാണം വിസ്മയമാകുന്നു. പത്തു വയസുകാരന്‍ മുഹമ്മദ് അന്‍സാരിയാണ് എയര്‍കണ്ടീഷണര്‍ അടക്കമുള്ള അത്യാധുനിക ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്തത്. പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചത്.
വീട്ടില്‍ ഒഴിവാക്കാനായി കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് കുപ്പികള്‍, പഴയ കളിക്കോപ്പുകളുടെ ഭാഗങ്ങള്‍, കടലാസുപെട്ടികള്‍, ബാറ്ററികള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് എയര്‍ കണ്ടീഷണര്‍ നിര്‍മിച്ചത്. സാധാരണ എയര്‍കണ്ടീഷന്‍ മെഷീന്‍ പ്രവര്‍ത്തിക്കുന്നതുപോലെ അന്‍സാരി നിര്‍മിച്ചതും പ്രവര്‍ത്തിക്കും. എയര്‍കണ്ടീഷന്‍ മെഷീനു പുറമേ കിണറ്റില്‍നിന്ന് വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടോര്‍, കാടുവെട്ട് യന്ത്രം, വെള്ളത്തിലൂടെ സഞ്ചരിക്കുന്നമോട്ടോര്‍ ബോട്ട്, രക്തസമ്മര്‍ദം അറിയാനുള്ള ഉപകരണം തുടങ്ങിയവയും കരുവാരക്കുണ്ട് ദാറുന്നജാത്ത് ഓര്‍ഫനേജ് അഞ്ചാംക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് അന്‍സാരി നിര്‍മിച്ചിട്ടുണ്ട്.
ബന്ധുവും വര്‍ക്‌ഷോപ്പ് ജീവനക്കാരനുമായ ഷാഹുലാണ് അന്‍സാരിക്ക് മിനിമോട്ടോര്‍ കറങ്ങുന്നതെങ്ങനെയെന്ന് കാണിച്ചു മനസിലാക്കിക്കൊടുത്തത്. ഹോട്ടല്‍ നടത്തുന്ന പുല്‍വെട്ട അയ്യപ്പന്‍കാവിലെ തോരക്കാട്ടു പാറക്കല്‍ മൊയ്തീന്റെയും ജമീലയുടെയും മകനാണ് അന്‍സാരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."