വെള്ളാറ്റഞ്ഞൂര്‍-ചുങ്കം റോഡ് നിര്‍മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ധര്‍ണ
എരുമപ്പെട്ടി: പതിവഴിയില്‍ മുടങ്ങിക്കിടക്കുന്ന വേലൂര്‍ പഞ്ചായത്തിലെ വെള്ളാറ്റഞ്ഞൂര്‍- ചുങ്കം റോഡിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തികരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ധര്‍ണ നടത്തി.
പുലിയന്നൂര്‍ മുതല്‍ വെള്ളാറ്റഞ്ഞൂര്‍ വരെയുള്ള നാലര കിലോമീറ്റര്‍ റോഡ് പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ട് കോടി രൂപ ചിലവഴിച്ചാണ് റോഡ് നിര്‍മിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് 28 ലക്ഷം രൂപ ചിലവഴിച്ച് ഗ്രാമപഞ്ചായത്ത് നിര്‍മിച്ച റോഡ് പൊളിച്ച് നീക്കിയാണ് പുതിയ റോഡിന്റെ നിര്‍മാണം ആരംഭിച്ചത്.
കേന്ദ്ര മേല്‍നോട്ട സമിതിയുടെ പരിശോധനയില്‍ ഗുണനിലവാരം കുറവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാരാറ് കാരന്‍ നിര്‍മാണ പ്രവര്‍ത്തനം പാതി വഴിയില്‍ ഉപേക്ഷിച്ചത്. പഴയ ടാറിംഗ് റോഡ് കൊത്തി പൊളിച്ചതിനാല്‍ ഇതിലൂടെയുള്ള ഗതാഗതം ദുരിതമായി തീര്‍ന്നിരിക്കുകയാണ്. റോഡിന്റെ ദുരവസ്ഥയെ കുറിച്ച് സുപ്രഭാതം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ധര്‍ണ ഡി.സി.സി ജനറല്‍ സെക്രട്ടറി സി.സി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് പ്രസിഡന്റ് പി.എന്‍ അനില്‍ അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ ടി.കെ ശിവശങ്കരന്‍, വി.കെ രഘുസ്വാമി, ജില്ലാ പഞ്ചായത്തംഗം കല്യാണി എസ്.നായര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."