യൂറോ: പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി; ഇനി തീപ്പാറും പോരാട്ടങ്ങള്‍
പാരിസ്: യൂറോ കപ്പിലെ കൂട്ടിയും കിഴിച്ചുമുള്ള ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ക്ക് വിരാമമായി. ഇനിയങ്ങോട്ട് സമനിലകളില്ല. ജയവും തോല്‍വിയും മാത്രം. കളിക്കളത്തില്‍ തോറ്റാല്‍ നാട്ടിലേക്ക് പറക്കാം. യൂറോ കപ്പ് മത്സരങ്ങള്‍ പ്രീ കാര്‍ട്ടര്‍ ഘട്ടത്തിലേക്ക് നീങ്ങിയതോടെ പൂര്‍ണ സജ്ജരായി ജയിക്കാനായി മാത്രം ഒരുങ്ങുകയാണ് ടീമുകള്‍. തീര്‍ത്തും പ്രവചനാതീതം എന്നു മാത്രമേ ഈ യൂറോയെ വിശേഷിപ്പിക്കാനുള്ളൂ. ഗ്രൂപ്പു ഘട്ടങ്ങളില്‍ ആദ്യമായി അന്താരാഷ്ട്രാ ചാംപ്യന്‍ഷിപ്പ് കളിച്ചവരും ആദ്യമായി യൂറോ കണ്ടവരുമുള്‍പ്പടെയുള്ള ചെറു ടീമുകളെല്ലാം മികച്ചവരാണെന്ന് ഗ്രൂപ്പുഘട്ടത്തില്‍ തെളിയിച്ചതാണ്. ഗ്രൂപ്പു ചാംപ്യന്‍മാരാവുമെന്ന് ഫുട്‌ബോള്‍ ലോകം പ്രവചിച്ചവരല്ല ഒന്നാമതും രണ്ടാമതുമായത്. അതുകൊണ്ടുതന്നെ പ്രീക്വര്‍ട്ടര്‍ പോരാട്ടവും പ്രവചനാതീതമാണ്.
സ്വിറ്റ്‌സര്‍ലന്‍ഡ് -പോളണ്ട്
ഏറെക്കുറേ തുല്യശക്തികളാണ് ആദ്യ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മാറ്റുരക്കുന്നത്. ആക്രമണ ഫുട്‌ബോള്‍ ടീമുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍വരുമ്പോള്‍ ആരു ജയിക്കുമെന്ന പ്രവചനത്തിന് പ്രസക്തിയില്ല. ഗ്രൂപ്പുഘട്ട പോരാട്ടം വിലയിരുത്തുമ്പോള്‍ പോളണ്ടാണ് ഒരുപിടി മുമ്പില്‍. മൂന്നു ഗ്രൂപ്പ് മത്സരങ്ങളില്‍ രണ്ടു ജയവും ഒരു സമനിലയുമാണ് പോളണ്ടിന്റെ സമ്പാദ്യം. സമനില പിടിച്ചതാവട്ടെ ലോകചാംപ്യന്‍മാരായ ജര്‍മനിയോടും.
അതേസമയം അല്‍ബേനിയയോടുമാത്രമാണ് സ്വിറ്റ്‌സര്‍ലന്‍ഡിന് ജയിക്കാനായത്. റൊമേനിയയോട് ഒരു ഗോളിനു സമനില വഴങ്ങിയെങ്കിലും ശക്തരായ ഫ്രാന്‍സിനെ ഗോള്‍രഹിത സമനിലയില്‍ തളയ്ക്കാന്‍ കഴിഞ്ഞു എന്നത് സ്വിസ് പോരാളികളുടെ പ്രതിരോധ മികവായി കാണണം. ലെവന്‍ഡോസ്‌കി ഇതുവരെ ഫോമിലേക്ക് ഉയരാത്തത് പോളണ്ടിനു ക്ഷീണമാവുന്നുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിന് അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഷാക്കിരി ഫോമിലേക്കുയര്‍ന്നാല്‍ പോളണ്ടിനെ മറികടക്കാനാവും.
വെയ്ല്‍സ്-ഉത്തര അയര്‍ലന്‍ഡ്
കാല്‍പന്തു കളിയില്‍ ഐറിഷ് വിപ്ലവത്തിനായി ഫ്രാന്‍സിലെത്തിയ ഉത്തര അയര്‍ലന്‍ഡും റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ഗരത് ബെയ്‌ലിന്റെ മികവുകൊണ്ടു മാത്രം ആദ്യ യൂറോയ്‌ക്കെത്തിയ വെയ്ല്‍സും തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ വേഗതയുടെ ചരിത്രം തീര്‍ത്തവരും പാസിങ് ഗെയിമുകള്‍കൊണ്ട് വിപ്ലവം രചിച്ചവരും തമ്മിലുള്ള മത്സരമായിരിക്കും പാരിസ് മൈതാനത്ത് വിരിയുന്നത്.
മൂന്നുകളിയില്‍ രണ്ടും ജയിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് വെയ്ല്‍സിന്റെ വരവ്. മൂന്നുകളിയിലും വിജയത്തിന് ചുക്കാന്‍ പിടിച്ചതും ബെയ്ല്‍തന്നെയായിരുന്നു. അതേസമയം ഒരു ജയവും രണ്ടുതോല്‍വിയുമായി ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് അയര്‍ലന്‍ഡ് പ്രീക്വാര്‍ട്ടറിലെത്തുന്നത്. അട്ടിമറി സംഭവിച്ചില്ലെങ്കില്‍ വെയ്ല്‍സിന് വിയര്‍ക്കാതെ ക്വാര്‍ട്ടറിലിടം പിടിക്കാം.
ക്രൊയേഷ്യ-പോര്‍ച്ചുഗല്‍
സ്പാനിഷ് ലീഗിലെ രണ്ടു വന്‍ ക്ലബിന്റെ കളികള്‍ക്ക് ചരടുവിലിക്കുന്ന റാക്കിട്ടിച്ചും ലൂക്കാ മോഡ്രിച്ചും നയിക്കുന്ന ക്രൊയേഷ്യയും ലോകഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും തമ്മിലെ പോരാട്ടം യുറോകപ്പിലെ മികച്ച മത്സരമാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭാഗ്യത്തിന്റെ പിന്‍ബലത്തില്‍ പ്രീക്വാര്‍ട്ടറില്‍ എത്തിയ പോര്‍ചുഗലിന് തോല്‍വിയറിയാതെ വന്ന ക്രൊയേഷ്യയെ മറിക്കടക്കാന്‍ ക്രിസ്റ്റ്യാനോ മാത്രം വിചാരിച്ചാല്‍ സാധ്യമാവില്ല. റാക്കിട്ടിച്ചും മോഡ്രിച്ചും ഭരിക്കുന്ന മധ്യനിരയില്‍ നിന്ന് പന്തുകൈക്കലാക്കി ആധിപത്യം സ്ഥാപിക്കാന്‍ പോര്‍ച്ചുഗലിന് ഏറെ പ്രയാസപ്പെടേണ്ടിവരും. തുര്‍ക്കിയെ ഒരുഗോളിന് വീഴ്ത്തിയും ചെക്ക് റിപ്പബ്ലിക്കിനെ സമനിലയില്‍ തളച്ചും സ്‌പെയിനിനെ അട്ടിമറിച്ചുമാണ് ക്രൊയേഷ്യയുടെ വരവ്. അതേസമയം കളിച്ചകളിയിലെല്ലാം സമനിലയില്‍ കുരുങ്ങിയ പോര്‍ച്ചുഗലിന് പ്രതിരോധവും ആക്രമണവും മെച്ചപ്പെടുത്തേണ്ടതുണ്ട്.
ഫ്രാന്‍സ്-അയര്‍ലാന്‍ഡ്
ഒരു സമനിലയും ഒരു തോല്‍വിയും ഒരുജയവുമായി പ്രീക്വാര്‍ട്ടറിലെത്തിയ അയര്‍ലന്‍ഡിന് ആതിഥേയരായ ഫ്രാന്‍സിനെ മറികടക്കാന്‍ പ്രയാസപ്പെടേണ്ടിവരും. ശക്തരായ ഇറ്റലിയെ തോല്‍പ്പിച്ചതാണ് അയര്‍ലന്‍ഡിന് മാനസിക മുന്‍തൂക്കം നല്‍കുന്നത്. അധികസമയത്തുവരെ ഗോളടിച്ചു വിജയം പിടിച്ചടക്കാന്‍ ശേഷിയുള്ള ഫ്രാന്‍സിന് ഈ യൂറോയില്‍ കിരീടം നേടാന്‍ സാധ്യതയുള്ളവരില്‍ പമുഖരാണ്.
ജര്‍മനി- സ്ലോവാക്യ
ലോകചാംപ്യന്‍മാര്‍ക്ക് കാര്യങ്ങള്‍ ഏറെക്കുറേ എളുപ്പമാണ്. അട്ടിമറിക്കാന്‍ ശേഷിയുള്ളവരാണ് സ്‌ലോവാക്യയെങ്കിലും താരപ്രതിഭകൊണ്ടും പരിചയ സമ്പത്തുകൊണ്ടും ജര്‍മനിക്ക് എളുപ്പം മറിക്കടക്കാനാവുന്നവരാണിവര്‍. പോളണ്ടിനോട് ഗോള്‍രഹിത സമനില വഴങ്ങിയതുമാത്രമെ ജര്‍മനിക്ക് ഗ്രൂപ്പുഘട്ടത്തില്‍ ക്ഷീണമായിട്ടുള്ളത്. തോമസ് മുള്ളറുംകൂടി ഫോമിലേക്കുയര്‍ന്നാല്‍ ജര്‍മനിക്ക് അനായാസം ജയം കണ്ടെത്താന്‍ സാധിക്കും.
ഹംഗറി-ബെല്‍ജിയം
സ്വീഡനെയും ചെക്‌റിപ്പബ്ലിക്കിനെയും തോല്‍പ്പിച്ച ബെല്‍ജിയത്തിന് അടിപതറിയത് ഇറ്റലിയോടുമാത്രമാണ്. ലൂക്കാക്കുവും ഫെല്ലിനിയുമടക്കം താര സമ്പന്നമായ ബെല്‍ജിയത്തിന് പുതുനിരയുമായി യൂറോക്കെത്തിയ ഹംഗറിയെ മറികടക്കാന്‍ സാധിച്ചെന്നിരിക്കും. എന്നാല്‍ പോര്‍ച്ചുഗലിനെതിരേ പുറത്തെടുത്ത കളിമികവ് വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ ബെല്‍ജിയത്തിന് കാര്യങ്ങള്‍ അത്രഎളുപ്പമാവില്ല.
ഇറ്റലി- സ്‌പെയിന്‍
ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്ന പോരാട്ടമാണിത്. പ്രവചനങ്ങള്‍ക്കപ്പുറത്താണ് ഈക്കളിയിലെ കാര്യങ്ങള്‍. ഹാട്രിക്ക് കിരീടത്തിനായി വരുന്ന സ്‌പെയിനിനെ കോട്ടകെട്ടി പ്രതിരോധിച്ച് കളിപിടിച്ചെടുക്കാന്‍ ഇറ്റലിയുടെ ശ്രമം.
എന്നാല്‍ ഇരുടീമുകളും അവസാന കളിയില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരുന്നു. അതുകൊണ്ട് ബലാബലത്തില്‍ ആരു മുന്നില്‍ നില്‍ക്കുമെന്ന് പറയാനാവില്ല. കഴിഞ്ഞ തവണത്തെ ഫൈനലില്‍ സ്പാനിഷ് ടീമിനോട് വമ്പന്‍ തോല്‍വിയാണ് ഇറ്റലി ഏറ്റുവാങ്ങിയത്.
ഐസ്‌ലന്‍ഡ്-ഇംഗ്ലണ്ട്
തണുത്തുറച്ച ഐസ്‌ലന്‍ഡിന് ബ്രിട്ടീഷുകാരെ ഫ്രീസാക്കാന്‍ കഴിയുമോയെന്ന കാര്യം കാത്തിരുന്നു കാണണം. കാരണം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കൊലകൊമ്പന്‍മാരെയുമായി യൂറോക്കെത്തിയ റോയ് ഹഡ്‌സണിന്റെ സംഘത്തിന് ഇതുവരെ കളിമികവ് പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. മോശംകളി തുടര്‍ന്നാല്‍ സമനിലയില്‍ കുരുക്കി കളി അധികസമയത്തേക്ക് നീട്ടികൊണ്ടുപോവാന്‍ ഐസ്‌ലന്‍ഡിനാവും. അവസാനമായി ഇരുവരും കണ്ടുമുട്ടിയപ്പോള്‍ 6-1ന് ഐസ്‌ലന്‍ഡിനെ ഇംഗ്ലണ്ട് തകര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."