നഴ്‌സുമാരുടെ ശമ്പള വര്‍ധനവ്; ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്ന് യു.എന്‍.എ
കോഴിക്കോട്: നഴ്‌സുമാരുടെ ശമ്പള വര്‍ധനവിന്റെ ഉത്തരവില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ. യു.എന്‍.എ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ ചില ആശുപത്രികള്‍ മാത്രമാണ് ശമ്പളവര്‍ധന നടപ്പാക്കിയതെന്നും മറ്റുള്ളവര്‍ ഇപ്പോഴും മുഖംതിരിഞ്ഞു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2002ല്‍ 5000 രൂപയില്‍ താഴെയായിരുന്ന നഴ്‌സുമാരുടെ ശമ്പളം 20,000 രൂപയിലെത്തിക്കുന്നതില്‍ ഒരു ട്രേഡ് യൂനിയനുകളും ഒന്നും ചെയ്തില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.
യു.എന്‍.എയുടെ ശ്രമഫലമായല്ല ശമ്പള വര്‍ധനവെന്നും സി.ഐ.ടി.യു ഇടപ്പെട്ടാണു ശമ്പളവര്‍ധനവ് നേടിക്കൊടുത്തതെന്നുമുള്ള സി.ഐ.ടി.യു നേതാവ് എളമരം കരീമിന്റെ പ്രസ്താവന ബാലിശമാണ്. നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ ഇത്രയും കാലം ട്രേഡ് യൂനിയനുകള്‍ എവിടെയായിരുന്നുവെന്നും ഭരണ, പ്രതിപക്ഷ ഭേദമെന്യേ എല്ലാവരും ഒറ്റക്കെട്ടായാണ് നഴ്‌സുമാരുടെ പ്രശ്‌നത്തില്‍നിന്ന് ഒളിച്ചോടുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. മാനേജ്‌മെന്റിനു വേണ്ടി അട്ടിമറിക്കപ്പെട്ട ഉത്തരവാണ് ഈയിടെ ഇറങ്ങിയത്.
സമരം ചെയ്ത് അവകാശങ്ങള്‍ നേടുമെന്നും സര്‍ക്കാര്‍ ഉത്തരവു നടപ്പാക്കാന്‍ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥര്‍ മൗനത്തിലാണെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ജില്ലാ പ്രസിഡന്റ് സുനീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മിനി ബോബി, ട്രഷറര്‍ എബി റപ്പായി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."