അടിവസ്ത്രം അഴിപ്പിക്കുന്ന പരീക്ഷകള്‍ വേണോ?
പരീക്ഷാര്‍ഥികളും അവരുടെ രക്ഷിതാക്കളും മാത്രം അറിഞ്ഞിരുന്നൊരു പ്രവേശനപ്പരീക്ഷയായ നീറ്റിന് ഇത്രമാത്രം വാര്‍ത്താപ്രാധാന്യമുണ്ടാക്കിയത് ശിരോവസ്ത്രം അഴിക്കുക, മാലയും, വളയും ഊരുക, വസ്ത്രധാരണം നിശ്ചയിക്കുക തുടങ്ങിയ കലാപരിപാടികളിലൂടെയാണ്. ഇത്തവണയും വിവാദത്തിന് കുറവുണ്ടായില്ല. ചുരിദാറിന്റെ കൈ വെട്ടുക, മഫ്ത അഴിക്കുക തുടങ്ങിയ വിവാദങ്ങള്‍ക്കു ശേഷം ഇന്നലെയാണ് ഞെട്ടിക്കുന്ന മറ്റൊന്നു പാലക്കാട് നിന്നു കേട്ടത്. സംഗതി ഇതാണ്. പാലക്കാട് പരീക്ഷാകേന്ദ്രത്തില്‍ എത്തിയ 25 പെണ്‍കുട്ടികളുടെ ബ്രാ അഴിപ്പിച്ചു. ബ്രാ ഇട്ട് നീറ്റ് പരീക്ഷ എഴുതാന്‍ ആകില്ലെന്ന് ശഠിച്ച പരീക്ഷാ നടത്തിപ്പുകാരുടെ മുന്നില്‍ പെണ്‍കുട്ടികള്‍ക്ക് ബ്രാ ഊരേണ്ടിവന്നു. അവരെ സഹായിക്കാന്‍ ആരും ഉണ്ടായില്ല. പറയുന്നത് അതേപടി അവര്‍ക്ക് ഒരു പരീക്ഷക്കായി സമ്മതിക്കേണ്ടിവന്നു.
പരീക്ഷയില്‍ കോപ്പിയടി തടയാന്‍ നിരീക്ഷകരുണ്ട്. കാമറകള്‍ സ്ഥാപിക്കാം. ശാസ്ത്രീയ വിശകലനം നടത്താം. ശാസ്ത്രം ഇത്ര പുരോഗമിച്ച കാലത്തും ഒരു പരീക്ഷക്ക് അടിവസ്ത്രം അഴിപ്പിക്കണോ? ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് പാലക്കാട് ഉണ്ടായത്.
നീറ്റ് പരീക്ഷാദിവസത്തെ അനുഭവം പെണ്‍കുട്ടി വിവരിക്കുന്നു. ആദ്യ ഗേറ്റില്‍ ചെന്നപ്പോള്‍ കടത്തിവിട്ടു. പിന്നീടുള്ള ഗേറ്റില്‍ ബ്രായിലേ കൊളുത്ത് മെറ്റല്‍ ആയതിനാല്‍ ബ്രാ ഊരണമെന്ന് ശാഠ്യം. എതിര്‍ത്തപ്പോള്‍ അയോഗ്യരാക്കി മടക്കിവിടും എന്ന് മുന്നറിയിപ്പ്. മാതാപിതാക്കള്‍ പുറത്ത്. ആരുമായും സംസാരിക്കാന്‍ പോലും വയ്യാത്ത സ്ഥിതി. ഞങ്ങളെന്തു ചെയ്യും. ഒരു ചാക്കിന്റെ മറ പറ്റി ബ്രാ ഊരിമാറ്റി. ലോകം കീഴ്‌മേല്‍ മറിയും പോലെ തോന്നി ആ നിമിഷങ്ങളില്‍. മനസ്സില്‍ ഉണ്ടായിരുന്നത് പരീക്ഷ മാത്രമായതിനാല്‍ എല്ലാം സഹിച്ചു.
അടുത്ത ഗേറ്റില്‍ ചെന്നപ്പോള്‍ ഒരു സ്ത്രീ ഉള്ളി ചാക്കുമായി നില്‍ക്കുന്നു. ബ്രാ ഇടാനുള്ള ചാക്ക്. അതില്‍ ബ്രായിടുന്ന ഓരോ പെണ്‍കുട്ടിക്കും അവരുടെ ബ്രായുടെ മീതേ പേരു കൂടി എഴുതി നല്‍കി വേണം ചാക്കില്‍ ഇടാന്‍.
തീര്‍ന്നില്ല. ഇനിയാണ് യഥാര്‍ഥ പീഡനം. പരീക്ഷ തുടങ്ങിയപ്പോഴുള്ള അനുഭവം മറ്റൊരു പെണ്‍കുട്ടി പങ്കുവച്ചത് ഇങ്ങനെയാണ്. 10.30 മുതല്‍ വെള്ള വസ്ത്ര ധാരിയായ നിരീക്ഷകന്‍ പെണ്‍കുട്ടികള്‍ പരീക്ഷ എഴുതുന്ന ഇരിപ്പിടത്തിലൂടെ കറങ്ങി നടക്കുന്നു. പിറകിലൂടെ ചെന്ന് കുനിഞ്ഞിരുന്ന് എഴുതുന്ന കുട്ടികളുടെ മുന്‍ ഭാഗത്തേക്ക് എത്തിനോക്കല്‍. ശല്യം അസഹനീയം. പെണ്‍കുട്ടികള്‍ക്ക് അസ്വസ്ഥത. ചിലര്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നു. പുറത്തുപറയാനാകില്ല. പുറത്തുപറഞ്ഞാല്‍ ബഹളം ഉണ്ടാക്കിയതിനു പുറത്താക്കും. പരീക്ഷയും, ഭാവിയും, ജീവിതവും പോകും. കാത്തിരുന്ന ഭാവി നശിക്കും. ചിലര്‍ ചോദ്യപേപ്പര്‍ കൊണ്ട് മാറിടം മറച്ചു. പരീക്ഷ എഴുതാനാവാതെ കരഞ്ഞും, ആശങ്കയിലും ആയവര്‍ നിരവധി പെണ്‍കുട്ടികള്‍.അതിലൊരുത്തി ഇന്നലെ പരാതിപ്പെട്ടതോടെയാണ് വിഷയം പുറംലോകമറിഞ്ഞത്.
നമുക്ക് ചോദിക്കാനുണ്ട്. ഉത്തരങ്ങള്‍ ലഭിക്കുക തന്നെ വേണം. ചുരിദാറിന്റെ കൈ മുറിച്ചും മഫ്ത അഴിപ്പിച്ചും ബ്രാ അഴിപ്പിച്ചും പെണ്‍കുട്ടികളെ അധിക്ഷേപിച്ചിട്ട് വേണോ ഇത്തരം പരീക്ഷകള്‍? യഥാര്‍ഥത്തില്‍ ബ്രാ ഉപയോഗിക്കരുതെന്ന് പറയുന്നില്ല. മെറ്റല്‍ ഡിറ്റെക്ടറില്‍ ലോഹത്തിന്റെ സൂചനവരുമ്പോള്‍ അത് ബ്രായുടെ താണെന്ന് മനസ്സിലായാല്‍ കുട്ടികളെ കടത്തിവിടാനുള്ള തീരുമാനം അതത് സെന്ററിലെ ആളുകള്‍ക്ക് എടുക്കാവുന്നതേ ഉള്ളൂ. എയര്‍പോര്‍ട്ടില്‍ പോലും അങ്ങനെയാണ്. സിഗ്‌നല്‍ കണ്ടാല്‍ എന്താണ് എന്ന് നോക്കും, പ്രശ്‌നമില്ലാത്തതാണെങ്കില്‍ കയറ്റി വിടും.
ഇത് ചില അവിവേകികളുടെ തീരുമാനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."