മലേഷ്യ: ഒരു മഹാതീര്‍ വീരഗാഥ
ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്നുള്ളത് പഞ്ച് ഡയലോഗ് മാത്രമല്ല, യാഥാര്‍ഥ്യമാണ്. മഹാതീര്‍ മുഹമ്മദെന്ന് 92കാരന്‍ മലേഷ്യയില്‍ സൃഷ്ടിച്ചിരിക്കുന്നത് 61 വര്‍ഷത്തെ രാജ്യ ചരിത്രത്തിലെ പുതിയ യുഗമാണ്. 2003ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങിയതിന് ശേഷം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രായം തളര്‍ത്താത്ത പോരാട്ട വീര്യവുമായി സജീവ രാഷ്ട്രീയത്തിലേക്ക് മുന്‍ പ്രധാനമന്ത്രിയും ആധുനിക മലേഷ്യയുടെ പിതാവുമായി മഹാതീര്‍ മടങ്ങിയെത്തുന്നത്.
അന്ന് മഹാതീറിന് ഒരു ലക്ഷ്യം മാത്രമേയുള്ളൂ. പ്രധാനമന്ത്രി നജീബ് റസാഖിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുക. ആ സ്വപ്‌നമാണ് ഇപ്പോള്‍ പൂവണിഞ്ഞത്. രാജ്യത്തിന്റെ 14ാം പൊതു തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ പകാതന്‍ ഹാരപ്പന്‍ ചരിത്രം വിജയം നേടിയിരിക്കുന്നു. 222 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 113 എണ്ണവും പകാതന്‍ ഹാരപ്പന്‍ നേടി ഭരണകക്ഷിയായ ബാരിസന്‍ നാഷനലിനെ ഞെട്ടിച്ചു. 79 സീറ്റുകള്‍ നേടാന്‍ മാത്രമേ ബാരിസന്‍ നാഷനലിന് സാധിച്ചുള്ളൂ.
1957ല്‍ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടിയതിനു ശേഷം ഒരേ ഭരണമായിരുന്നു മലേഷ്യയില്‍. 1957 മുതല്‍ 1970 വരെ യുനൈറ്റഡ് മലായി നാഷനല്‍ ഓര്‍ഗനൈസേഷന്‍ (ഉംനോ)സഖ്യം ഭരിച്ചു. ഉംനോയുടെ നേതൃത്വത്തില്‍ നിരവധി പാര്‍ട്ടികളുടെ സംയുക്ത സഖ്യമായി ബാരിസാന്‍ നാഷനല്‍ 1970ല്‍ രൂപീകരിച്ചു. അന്നു മുതല്‍ ബാരിസന്‍ നാഷനലിന്റെ ഭരണമായിരുന്നു മലേഷ്യയില്‍. ഭൂരിഭാഗവും മലായ് വംശജരുള്ള മലേഷ്യയില്‍ 3.20 കോടി ജനങ്ങളാണുള്ളത്.
മഹാതീര്‍ മുഹമ്മദ് 22 വര്‍ഷത്തെ ഭരണത്തിന് ശേഷം (1982-2003) സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങി. എന്നാല്‍, 2009 മുതല്‍ രാജ്യം ഭരിക്കുന്ന നജീബ് റസാഖിന്റെ ഭരണകെടുകാര്യസ്ഥതയില്‍ മനം മടുത്താണ് വീണ്ടും ഒരങ്കത്തിനായി 91ാം വയസില്‍ 2016ല്‍ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് മഹാതീര്‍ തിരികെയെത്തിയത്. അധികാര ദുര്‍വിനിയോഗം നടത്തുന്ന പ്രധാനമന്ത്രി നജീബ് റസാഖിനെ താഴെയിറക്കാനായി പ്രതിപക്ഷമായ പകാതന്‍ ഹാരപ്പനില്‍ ചേര്‍ന്നു.
തുടര്‍ന്ന് നടത്തിയ ശക്തമായ ഭരണ വിരുദ്ധ പ്രചാരണങ്ങള്‍ക്കൊടുവില്‍ നേടിയ ഈ വിജയത്തില്‍ മതിമറക്കാനൊന്നും മഹാതീര്‍ തയാറല്ല. തനിക്കെതിരേ ഭരണത്തിന്റെ അവസാന ഘട്ടത്തില്‍പോലും കേസെടുത്ത് കുടുക്കാന്‍ ശ്രമിച്ച നജീബ് റസാഖിനോട് പ്രതികാരത്തിനൊന്നുമില്ലെന്നും രാജ്യത്തെ നീതി നിയമ സംവിധാനത്തിലേക്ക് മടക്കിക്കൊണ്ടുവരികയാണ് ലക്ഷ്യമെന്നും വിജയത്തിന് ശേഷം മഹാതീര്‍ മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്ത് രണ്ട് ദിവസം ഹോളിഡേ ആയിരിക്കുമെന്നും എന്നാല്‍, വിജയികള്‍ക്ക് ഹോളിഡേ ഇല്ലായെന്നും തിങ്ങിനിറഞ്ഞ അനുയായികളോട് വിജയാഹ്ലാദത്തിനിടെ അദ്ദേഹം പറഞ്ഞു. ജനാധിപത്യം അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിനുള്ള ജനത്തിന്റെ തിരിച്ചടിയാണ് നജീബ് റസാഖിന്റെ പരാജയം വ്യക്തമാക്കുന്നത്. എതിര്‍ക്കുന്നവരുടെ വായ മൂടിക്കെട്ടാന്‍ ഏത് നെറികെട്ട കളികള്‍ക്കും നജീബ് ഒരുക്കമായിരുന്നു. തനിക്കെതിരേ ശബ്ദം ഉയര്‍ത്തിയതിന് ഉപപ്രധാനമന്ത്രിയായ അന്‍വര്‍ ഇബ്രാഹീമിനെ പുറത്താക്കി. അഴിമതി, ലൈംഗിക ആരോപണങ്ങള്‍ നടത്തി അദ്ദേഹത്തെ ജയിലിലടച്ചു.
ഇതിനിടെയാണ് മഹാതീര്‍ അന്‍വര്‍ ഇബ്രാഹീമിന്റെ പാര്‍ട്ടിയുമായി മഹാതീര്‍ സഹകരിക്കുന്നത്. രാജ്യത്ത് വിവേചനത്തിനും അധികാര ദുര്‍വിനിയോഗത്തിനുമെതിരേയാണ് പ്രതിപക്ഷം പ്രധാനമായും പോരാടിയത്. ഒരു ദശകത്തോളമുള്ള അധികാരത്തിന്നിടെ നജീബിനെതിരേ വന്‍ ആരോപണങ്ങളാണ് ഉയര്‍ന്നത്. സാമ്പത്തികം മുതല്‍ കൊലപാതക ആരോപണം വരേ ഇദ്ദേഹത്തിനെതിരേയുണ്ട്. മലേഷ്യയുടെ സമഗ്ര വികസനത്തിനായുള്ള ബര്‍ഹാദ് (എം.ഡി.ബി)പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയാണ് ഏറ്റവും കൂടുതല്‍ വിവാദമായത്.
2009ല്‍ ആണ് ഈ പദ്ധതി രൂപീകരിച്ചത്. പദ്ധതിക്കായി വിദേശരാജ്യങ്ങള്‍ വന്‍തോതില്‍ നിക്ഷേപമിറക്കിയിരുന്നു. ഇതില്‍ യു.എസിലെ മാന്‍ഹാട്ടന്‍, ലോസ് ആഞ്ചെല്‍സ് എന്നീ പ്രദേശങ്ങളില്‍ വന്‍തോതില്‍ ആഡംബര അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങാനായി നജീബും കൂട്ടാളികളും നിക്ഷേപ പദ്ധതിയില്‍ നിന്ന് പണം ചെലവഴിച്ചുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍, അധികാരം ഉപയോഗിച്ച് അഴിമതി അന്വേഷണങ്ങളെ സ്വന്തം കാല്‍ക്കീഴിലേക്ക് നജീബ് മാറ്റി. അന്വേഷണസമിതി തനിക്കെതിരേ തിരിയുമെന്ന് കണ്ടെത്തിയതോടെ അറ്റോര്‍ണി ജനറലിനെ അദ്ദേഹം പുറത്താക്കി. നജീബിനെതിരേ സാമ്പത്തിക അന്വേഷണത്തില്‍ കുറ്റം ചുമത്താനിരിക്കെയാണ് പുറത്താക്കല്‍.അഴിമതിക്കെതിരേ പരസ്യ വിമര്‍ശനം നടത്തിയ ഒരു മന്ത്രിയെയും പുറത്താക്കി നജീബ് തന്റെ ആധിപത്യം ഉറപ്പിച്ചു. നേരത്തെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന നാല് പേര്‍ക്ക് കാബിനറ്റ് പദവി നല്‍കി. തുടര്‍ന്ന് അന്വേഷണം എവിടെയും എത്താതെയായി.
രാജ്യത്ത് ഇന്റര്‍നെറ്റ്, മാധ്യമ സെന്‍സര്‍ഷിപ്പ് എന്നിവ നജീബ് നടപ്പിലാക്കി. മലേഷ്യന്‍ ഇന്‍സൈഡര്‍, സറാവക് റിപ്പോര്‍ട്ട്, മീഡിയം ഉള്‍പ്പെടെയുള്ള സ്വതന്ത്രമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണാത്മക റിപ്പോര്‍ട്ട് തയാറാക്കിയതിന് എഡ്ജ് വീക്കിലിയുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. ഏറ്റുവും ഒടുവില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. സര്‍ക്കാരിനെതിരേ ശബ്ദിക്കുന്നവരുടെമേല്‍ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ളവ ചുമത്തി അറസ്റ്റ് ചെയ്തു.
പ്രധാനമന്ത്രിയായി മഹാതീര്‍ മുഹമ്മദിനെ തെരഞ്ഞെടുത്തതോടെ നിരവധി വെല്ലുവിളികളാണ് അദ്ദേഹത്തിന് നേരിടാനിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."