ഉപയോഗ ശൂന്യമായ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കും
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി ഓരോ പദ്ധതിക്കും സമയപ്പട്ടിക തയറാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍ദേശം നല്‍കി.
മെയ് 22നെങ്കിലും ഓരോ പദ്ധതിയുടെയും സമയപ്പട്ടിക തയാറാക്കണം. മെയ് 25ന് നടക്കുന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ഇതിന് അന്തിമരൂപം നല്‍കും. അടുത്ത വര്‍ഷം ജനുവരി 31നപ്പുറം ഒരു പദ്ധതി പ്രവൃത്തിയും നീളരുത്. സമയപ്പട്ടിക അച്ചടിച്ച് നല്‍കുന്നതിലൂടെ ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും പദ്ധതി നിര്‍വഹണം സംബന്ധിച്ച കൃത്യമായ ധാരണയുണ്ടാവും. ടെന്‍ഡര്‍ ചെയ്യാത്തതോ നടപ്പിലാക്കാന്‍ കഴിയാത്തതോ ആയ പ്രവൃത്തികള്‍ ഒഴിവാക്കി പുതിയവ കൊണ്ടുവരണം. പൊതുമരാമത്ത് വിഭാഗത്തിന്റെ ഓഫീസിലും സമീപനത്തിലും മാറ്റം ആവശ്യമാണെന്ന് പ്രസിഡന്റ് പറഞ്ഞു. കരാറുകാര്‍ ബില്ലുമായി ഓഫീസുകള്‍ കയറിയിറങ്ങുന്നതിലൂടെ അപമാനിതരാവുന്ന സാഹചര്യം ഒഴിവാക്കണം. പ്രാദേശിക രാഷ്ട്രീയ തര്‍ക്കങ്ങള്‍ പദ്ധതികളിലും ഉദ്ഘാടനത്തിലും കാണിക്കരുത്. രാഷ്ട്രീയ വിവേചനം ജില്ലാ പഞ്ചായത്തിനില്ല. ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ചേ മുന്നോട്ടുപോവൂ എന്ന് കെ.വി സുമേഷ് പറഞ്ഞു.
ഉപയോഗശൂന്യമായ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, പി.ഡബ്ല്യു.ഡി ബില്‍ഡിങ ഡിവിഷന്‍ എന്‍ജിനീയര്‍, ഡി.ഇ.ഒ, എ.ഇ.ഒ എന്നിവരടങ്ങുന്ന സമിതി രൂപീകരിക്കും. യോഗത്തില്‍ വി.കെ.സുരേഷ് ബാബു, കെ.പി ജയബാലന്‍, കെ. ശോഭ, ടി.ടി. റംല, അംഗങ്ങളായ കെ. നാണു, തോമസ് വര്‍ഗീസ്, സണ്ണി മേച്ചേരി, അന്‍സാരി തില്ലങ്കേരി, പി.പി. ഷാജിര്‍, സെക്രട്ടറി വി. ചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."