പട്ടാപ്പകല്‍ കാട്ടാനയുടെ ആക്രമണം; കര്‍ഷകന് പരുക്ക്
നിലമ്പൂര്‍: പട്ടാപകല്‍ റബര്‍ തോട്ടത്തിലെത്തിയ കാട്ടാന കര്‍ഷകനെ ആക്രമിച്ചു. പോത്തുകല്ല് പഞ്ചായത്തിലെ ഭൂദാനം തുടിമുടി പൊയ്കപറമ്പില്‍ സുകുമാരനെയാണ് (60) കാട്ടാന അക്രമിച്ചത്. കൈകാലുകള്‍ക്ക് സാരമായി പരുക്കേറ്റ ഇയാളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒന്‍പതോടെയാണ് സംഭവം.
മുത്തപ്പന്‍കുന്ന് വനമേഖലയോട് ചേര്‍ന്നുള്ള റബര്‍തോട്ടത്തില്‍ പാലെടുക്കുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഓടിയെടുത്ത ആന തുമ്പിക്കൈക്കൊണ്ട് സുകുമാരനെ അടിച്ചുവെങ്കിലും ഭാഗികമായാണ് അടിയേറ്റത്. ദൂരെ തെറിച്ചുവീണ സുകുമാരന്റെ വലത് കാലിനും വലത് കൈക്കും ഒന്നിലധികം ഭാഗത്ത് ഒടിവ് സംഭവിച്ചിട്ടുണ്ട്. വാരിയല്ലിന് ചതവ് പറ്റിയതായും പറയുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടികൂടിയതോടെ ആന പിന്തിരിയുകയായിരുന്നു. സുകുമാരന്‍ റബര്‍ വെട്ടുന്നതിനിടെ അകലെ വനാതിര്‍ത്തിയില്‍ ആനയുടെ പെരുമാറ്റം കേട്ടിരുന്നു. എന്നാല്‍ ഇതിന് സമീപം തോട്ടത്തില്‍ പ്രദേശവാസികളായ മറ്റ് ഏന്താനും പേരും ഉണ്ടായിരുന്നു. ഈ ധൈര്യത്തിലാണ് സുകുമാരന്‍ പാലെടുക്കാന്‍ ആരംഭിച്ചത്. ആഴ്ചകള്‍ക്ക് മുമ്പ് ചുങ്കത്തറ ടൗണിലൂടെ വന്ന് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ ആനയാണ് നാട്ടിലേക്ക് വീണ്ടും ഇറങ്ങിയതെന്ന് കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."