താനൂര്‍ തീരദേശ സംഘര്‍ഷം സര്‍വകക്ഷിയോഗത്തില്‍ പൊലിസിന് രൂക്ഷ വിമര്‍ശനം
തിരൂര്‍: താനൂര്‍ തീരദേശത്ത് പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് തിരൂര്‍ ആര്‍.ഡി.ഒ ടി.വി സുഭാഷ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പൊലിസിന് രൂക്ഷ വിമര്‍ശനം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിരപരാധികളെ പൊലിസ് വേട്ടയാടുന്നുവെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം.
അതേ സമയം അക്രമികള്‍ വിലസുകയാണെന്നും ആരോപണമുയര്‍ന്നു. തീരദേശത്തെ പൗരന്‍മാരുടെ സ്വാതന്ത്രവും അവകാശങ്ങളും ഹനിക്കുന്ന പൊലിസ് പരീക്ഷ എഴുതാന്‍ പോലും വിദ്യാര്‍ഥികളെ സമ്മതിക്കുന്നില്ലെന്നും പൊലിസിന് നൊന്തപ്പോഴാണ് വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ചും വാഹനങ്ങളും മറ്റ് തൊഴിലുപകരണങ്ങളും തകര്‍ത്ത് പൊലിസ് അതിക്രമം കാട്ടിയതെന്നും സി.പി.എം താനൂര്‍ ഏരിയാ സെക്രട്ടറി ഇ.ജയന്‍ പറഞ്ഞു. നിരപരാധികളായ 32 കുടുംബനാഥന്‍മാരെയാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലിസ് ജയിലില്‍ അടച്ചതെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.പി അഷ്‌റഫ് യോഗത്തില്‍ പറഞ്ഞു. പ്രകോപിതരായവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന നേതാക്കളെ പോലും പൊലിസ് കള്ളക്കേസില്‍ കുടുക്കുന്ന സ്ഥിതിയാണെന്നും എം.പി അഷ്‌റഫ് പറഞ്ഞു. പൊലിസ് ധാര്‍ഷ്ട്യം അവസാനിപ്പിക്കണമെന്നും നിരപരാധികളെ വേട്ടയാടരുതെന്നും സി.പി.എം ആവശ്യപ്പെട്ടു.
തീരദേശത്ത് ശാശ്വത സമാധാനം ഉറപ്പാക്കാന്‍ കൈക്കൊണ്ട മുന്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലെ ഗുരുതരമായ ഉദ്യോഗസ്ഥ വീഴ്ചയാണ് തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞ ഇ. ജയന്‍ രാഷ്ട്രീയ പാര്‍ട്ടികളെ മാത്രം കുറ്റംപറഞ്ഞ് കൈയൊഴിയുന്ന പൊലിസ് -ഉദ്യോഗസ്ഥ നയം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. ഒരേ കുടുംബത്തില്‍പ്പെട്ടവര്‍ തമ്മിലാണ് തീരദേശത്ത് പ്രശ്‌നങ്ങളുണ്ടാകുന്നത്. കൊടി തോരണങ്ങള്‍ റോഡരികില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളും സംഘര്‍ഷങ്ങള്‍ക്ക് കാരണമാകാറുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ പൊലിസിന്റെ ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ പലപ്പോഴും മുഖവിലക്കെടുക്കാറില്ല. പൊലിസ് ഇനിയെങ്കിലും അനാസ്ഥ വെടിഞ്ഞ് സമാന്യ മര്യാദ പാലിക്കണമെന്നും സമാധാന ശ്രമങ്ങള്‍ക്ക് സി.പി.എമ്മിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ഇ. ജയന്‍ കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും നിരപരാധികളെ കേസില്‍ കുടുക്കിയ പൊലിസ് അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും എം.പി അഷ്‌റഫ് ആവശ്യപ്പെട്ടു.
20ന് മന്ത്രിയുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേരും. ഡി.വൈ.എസ്.പി എ.ജെ ബാബു, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉണ്ണി, മുത്തുക്കോയ തങ്ങള്‍, സൈതലവി, സുലൈമാന്‍, എ.പി മുഹമ്മദ് ഷരീഫ്, കെ. കുഞ്ഞാലി, എം.പി ഹംസക്കോയ, മേപ്പുറത്ത് ഹംസു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."