സംഗീതപരിപാടിയുടെ മറവില്‍ നെല്‍വയല്‍ നികത്തല്‍: എ.ആര്‍ റഹ്മാനും സര്‍ക്കാരിനും ഹൈക്കോടതി നോട്ടിസ്
കൊച്ചി: സ്വകാര്യ ചാനല്‍ കൊച്ചിയില്‍ നടത്താനിരിക്കുന്ന സംഗീത പരിപാടിക്ക് നെല്‍വയലും തോടും മണ്ണിട്ട് നികത്തിയെന്ന ഹരജിയില്‍ ദേശീയ അവാര്‍ഡ് ജേതാവും സംഗീത സംവിധായകനുമായ എ.ആര്‍ റഹ്മാനും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിയുടെ നോട്ടിസ്.
ഇരുമ്പനത്ത് 26 ഏക്കര്‍ പാടശേഖരം എ.ആര്‍ റഹ്മാന്‍ ഷോ എന്ന സംഗീതനിശയുടെ മറവില്‍ മണ്ണിട്ട് നികത്തുന്നതായും പുറമ്പോക്ക് കൈയേറുന്നതായും ചൂണ്ടിക്കാട്ടി ചോറ്റാനിക്കര തിരുവാങ്കുളം സ്വദേശിനി വത്സല കുഞ്ഞമ്മ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി.
റഹ്മാനും സര്‍ക്കാറിനും പുറമെ, ജില്ലാ കലക്ടര്‍, സംഘാടകരായ സ്വകാര്യ ടി.വി ചാനല്‍, സ്ഥലം ഉടമകളായ സ്വകാര്യ ആശുപത്രി എന്നീ എതിര്‍ കക്ഷികളോടും വിശദീകരണം തേടിയിട്ടുണ്ട്.
നികത്തിയ ഭൂമി പൂര്‍വ സ്ഥിതിയിലാക്കുകയും സ്റ്റേജ് നിര്‍മാണം തടയുകയും വേണമെന്നാണ് ഹരജിയിലെ ആവശ്യം. ഈ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാറിനും കലക്ടര്‍ക്കും നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹരജിയില്‍ പറയുന്നു. പരിപാടി തടസപ്പെടുത്താതിരുന്ന കോടതി കേസ് വീണ്ടും വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി.
അടുത്ത ശനിയാഴ്ച വൈകുന്നേരം ഇവിടെ സംഗീത പരിപാടി സംഘടിപ്പിക്കാനായി ഏപ്രില്‍ മുതല്‍ മണ്ണിട്ട് നിലം നികത്തല്‍ ആരംഭിച്ചതായി ഹരജിയില്‍ പറയുന്നു. കണയന്നൂര്‍ താലൂക്ക് തിരുവാങ്കുളം വില്ലേജിലെ 13 റീ സര്‍വേ നമ്പറുകളിലുള്ള സ്ഥലമാണ് നികത്തുന്നത്. പാടശേഖരത്തോടൊപ്പം പുറമ്പോക്ക് കൈയേറിയും നികത്തുന്നു. ഒരു കിലോമീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമുള്ള തോടും മണ്ണിട്ട് നികത്തി. നെല്‍കൃഷി നടത്തുന്ന വയലുകളാണ് ഈ നിലത്തിനും തോടിനും ചുറ്റുമുള്ളത്.
കൃഷിക്ക് ആവശ്യമായ വെള്ളം തരുന്നതും വര്‍ഷ കാലത്ത് വെള്ളപ്പൊക്കമില്ലാതെ സംരക്ഷിക്കുന്നതും ഈ തോടാണെന്നു ം ഹരജിയിലുണ്ട്. പാടശേഖരം നികത്തുന്നത് പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കും. പ്രദേശത്തെ കുടിവെള്ള ലഭ്യതയും തകരാറിലാക്കും. അതിനാല്‍, 2008ലെ നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമത്തിന്റെയും കേരള ഭൂവിനിയോഗ ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ ഉത്തരവാദികള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."