വെള്ളാപ്പള്ളി നടേശനെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കണം: എസ്.എന്‍.ഡി.പി സംരക്ഷണ സമിതി
ചെങ്ങന്നൂര്‍: സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയായ വെള്ളാപ്പള്ളി നടേശനെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് എസ്.എന്‍.ഡി. പി സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മൈക്രോഫിനാന്‍സ് തട്ടിപ്പ് (വി.സി.52016) കൊല്ലം എസ്.എന്‍. കോളേജ് ജൂബിലി ഫണ്ട് തട്ടിപ്പ് (ക്രൈം നമ്പര്‍7272014) എന്നി കേസുകളില്‍ വെള്ളാപ്പള്ളി നടേശന്റെ അഴിമതി പ്രഥമദൃഷ്ട്യാ ബോധ്യമായതിനാല്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
അത് കൂടാതെ എസ്.എന്‍. കോളേജുകളില്‍ അഡ്മിഷന്‍ നടത്തി കോഴ വാങ്ങിയതിന് വിജിലന്‍സ് വെള്ളാപ്പള്ളി നടേശനെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്ന് ശുപാര്‍ശ ചെയ്തിരിക്കുകയാണ്.
മൂവായിരത്തോളം നിയമനത്തിന് കോടിക്കണക്കിന് രൂപയാണ് കോഴവാങ്ങിയിരിക്കുന്നത്. കഴിഞ്ഞ 22 വര്‍ഷമായി സമുദായത്തിന്റെ രണ്ടായിരത്തിലധികം കോടി രൂപ വെള്ളാപ്പള്ളിയും കുടുംബവും അപഹരിച്ചിട്ടുണ്ടെന്നും സംരക്ഷണ സമിതി ഭാരവാഹികള്‍ ആരോപിച്ചു.
കഴിഞ്ഞ കാലങ്ങളില്‍ എസ്.എന്‍.ഡി.പി. യോഗം എന്ന സംഘടനയെ കാണിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ സ്വാധീനിച്ചാണ് ഇത്രയും തട്ടിപ്പുകളും അഴിമതികളും നടത്തിവരുന്നത്. ഇലക്ഷന്‍ കാലങ്ങളില്‍ അനാവശ്യ പ്രസ്താവനകളും വിവാദങ്ങളും ഉണ്ടാക്കി ശ്രീനാരായണ സമൂഹത്തെ അപഹാസ്യരാക്കുകയാണ് നടേശനും കുടുംബവും.
ഇവര്‍ പറഞ്ഞാല്‍ സമുദായാംഗങ്ങള്‍ ആരും വോട്ടുചെയ്യില്ല. അതിന്റെ തെളിവാണ് വിഷ്ണുനാഥ് ചെങ്ങന്നൂരില്‍നിന്നും രണ്ടുപ്രാവശ്യം വിജയിച്ചത്. കെ. സി. വേണുഗോപാല്‍, സെബാസ്റ്റ്യന്‍പോള്‍ തുടങ്ങി നടേശന്‍ തോല്‍പ്പിക്കാന്‍ ഇറങ്ങിയവര്‍ എല്ലാം വിജയിച്ചിട്ടേയുള്ളൂ.
ചേര്‍ത്തല എസ്.എന്‍.കോളജിലെ 150 കോടിയില്‍പരം രൂപയുടെ സിലിക്ക മണല്‍ ബിനാമിയെ വച്ച് കമ്പനിയുണ്ടാക്കി അപഹരിക്കുവാന്‍ ശ്രമിക്കുന്നതുപോലെ ചെങ്ങന്നൂര്‍ എസ്.എന്‍.കോളജിലെ കുന്നിടിച്ച് മണ്ണ് വില്‍ക്കുന്നതിനും വെള്ളാപ്പള്ളി എസ്.എന്‍.ട്രസ്റ്റില്‍ തീരുമാനമെടുത്തിരിക്കയാണ്. ഇതിനെതിരെ ശക്തമായ സമരത്തിന് സംരക്ഷണസമിതി രൂപം നല്‍കുകയാണ്.
ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ മൈക്രോ ഫിനാന്‍സ് വായ്പ എടുത്തവകയില്‍ വെള്ളാപ്പള്ളി നടേശനും മകനും 95 ലക്ഷം രൂപയും, കൂടുതല്‍ പലിശയിനത്തിലുള്ള വരുമാനവും അപഹരിച്ചതായി കാണിച്ച് ചെങ്ങന്നൂര്‍ കോടതിയില്‍ (CMP7242016) വെള്ളാപ്പള്ളി നടേശനേയും മകനെയും പ്രതികളാക്കി (Crime 4562016) കേസ് എടുത്തിരിക്കുകയാണെന്നും സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.
യോഗത്തിന്റെ ജന്മദിനം ജനുവരി ഏഴിന് ആയിരിക്കവേ ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ വിലപേശല്‍ നടത്താനാണ് മേയ് 15ന് ചെങ്ങന്നൂരില്‍ 116 മത് ജന്മദിന സമ്മേളനം നടത്തുന്നതെന്നും ആരോപിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ.എസ്. ചന്ദ്രസേനന്‍, കണ്‍വീനര്‍, മനോജ് കടകംപള്ളി, റോയി, കെ. സുദര്‍ശനന്‍ ഹരിശ്രീ, അഡ്വ. പ്രദീപ് മാംഗല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."