സിറ്റി ഗ്യാസ് പദ്ധതി തൃക്കാക്കരയില്‍ അന്തിമഘട്ടത്തില്‍
കാക്കനാട്: പൈപ്പ്‌ലൈന്‍ വഴി പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി തൃക്കാക്കരയില്‍ അന്തിമഘട്ടത്തില്‍. നഗരസഭ പ്രദേശത്തെ പടിഞ്ഞാറന്‍ വാര്‍ഡുകളില്‍ റോഡ് കുഴിച്ചു പൈപ്പിടല്‍ ഏറെക്കുറെ പൂര്‍ത്തിയായി. പൈപ്പ്‌ലൈന്‍ വഴി പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നഗരസഭ പ്രദേശത്തെ ആറ് വാര്‍ഡുകളിലാണ് ലക്ഷ്യമിടുന്നത്.
ചിറ്റേത്തുകരയിലെ 18ാം ഡിവിഷനില്‍ നിന്ന് ആരംഭിച്ച് 14 റോഡുകളിലൂടെ 31.07 കിലോമീറ്ററില്‍ ദൂരത്തിലാണ് പദ്ധതിക്കായി പൈപ്പിടല്‍ പുരോഗമിക്കുന്നത്. കണ്ണങ്കേരി ഡിവിഷന്‍ കൂടാതെ കമ്പിവേലിക്കകം, ടിവി സെന്റര്‍, ഓലിക്കുഴി, പടമുകള്‍, വാഴക്കാല വെസ്റ്റ് വാര്‍ഡുകളാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. നഗരസഭ റോഡുകള്‍ കൂടാതെ പൊതുമരാമത്ത് വകുപ്പുകളുടെ റോഡുകളിലും പൈപ്പിടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പദ്ധതി നടപ്പലാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ നഗരസഭയാണ് തൃക്കാക്കര.
തൃക്കാക്കരയില്‍ പൈപ്പിടല്‍ പൂര്‍ത്തിയാക്കി വാര്‍ഡുകളില്‍ ഈ വര്‍ഷം തന്നെ പാചക വാതകം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടം പദ്ധതി നടപ്പിലാക്കുന്നതിന് അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് നഗരസഭ സെക്രട്ടറി പി.എസ്.ഷിബു അറിയിച്ചു. പ്രകൃതി വാതകം (സി.എന്‍.ജി.) പൈപ്പുകളിലൂടെ വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ് പദ്ധതി ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐ.ഒ.എ.ജി.പി.എല്‍.) ആണ് നടപ്പാക്കുന്നത്.
പൊതുമരാമത്ത് നിരക്ക് ഈടാക്കിയാണ് തൃക്കാക്കര നഗരസഭ പ്രദേശത്തെ റോഡുകളില്‍ പൈപ്പിടാന്‍ അനുമതി നല്‍കിയത്. 2.14 കോടി രൂപ യാണ് നഗരസഭക്ക് നഷ്ടപരിഹാരം ലഭിച്ചത്. ഇതിനോടകം പൊളിച്ച റോഡുകള്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ വന്‍ തുക നഗരസഭ ചെലവഴിക്കേണ്ടി വരും. കുത്തിപ്പൊളിച്ച റോഡുകള്‍ പലയിടത്തും പൂര്‍വസ്ഥിതിയിലാക്കിയിട്ടില്ല. വേനല്‍ക്കാലത്ത് പൊടിശല്യം നാട്ടുകാരെ ദുരിതത്തിലായി. മഴക്കാലമാകുന്നതോടെ വെള്ളക്കെട്ടില്‍ ദുരിതത്തിലാകും.
പദ്ധതി നടപ്പിലാക്കിയ മുഴുവന്‍ റോഡുകളും പുതുക്കിണിതെങ്കില്‍ മാത്രമേ സഞ്ചാര യോഗ്യമാകൂ. പൊളിച്ച റോഡരികുകള്‍ വേനല്‍ മഴയില്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.
പൈപ്പിട്ട ശേഷം മെറ്റല്‍ വിരിക്കുകമാത്രമാണ് നിര്‍വഹിച്ചിട്ടുള്ളത്. അടുത്തയിടെ നിര്‍മാണം പൂര്‍ത്തീകരിച്ച റോഡുകളില്‍ പൈപ്പിടാന്‍ കുത്തിപ്പൊളിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."