പുഴുവരിക്കുന്ന ഇറച്ചി വില്‍പന നടത്തിയ കോഴിക്കട ആരോഗ്യവകുപ്പ് പൂട്ടിച്ചു
കുറ്റ്യാടി: പുഴുവരിക്കുന്ന ഇറച്ചി വില്‍പന നടത്തിയ കോഴിക്കട ആരോഗ്യവകുപ്പ് അധികൃതര്‍ പൂട്ടിച്ചു. തൊട്ടില്‍പ്പാലം പൊലിസ് സ്‌റ്റേഷന് സമീപത്തെ സി.പി.ആര്‍ ചിക്കന്‍സ്റ്റാള്‍ എന്ന ഇറച്ചിക്കോഴിക്കടയാണ് ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്ന് പഞ്ചായത്തും ആരോഗ്യവകുപ്പ് അധികൃതരും ചേര്‍ന്ന് പൂട്ടിച്ചത്.
ബുധനാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം. ടൗണില്‍ ഓട്ടോ ഡ്രൈവറായ കോതോട്ടെ അജേഷ് വാങ്ങിയ കോഴിയിറച്ചി വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ ഇറച്ചിയില്‍ നിന്ന് പുഴുവരിക്കുന്നതായി ശ്രദ്ധയില്‍പെട്ടു. ഇതേതുടര്‍ന്ന് മാംസം കടയില്‍ തന്നെ തിരിച്ച് നല്‍കി വിവരം തൊട്ടില്‍പ്പാലം പൊലിസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലിസും പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച് ദുര്‍ഗന്ധം വമിക്കുന്ന രീതിയില്‍ കൂടുതല്‍ മാംസം കണ്ടെണ്ടത്തിയത്.
വൃത്തിഹീനമായ ചുറ്റുപാടില്‍ മൃതപ്രായരായ കോഴികളെയും കടയില്‍ കണ്ടെത്തി. തുടര്‍ന്ന് പരാതി നേരിട്ട് ബോധ്യപ്പെട്ടതോടെ അധികൃതര്‍ കട അടച്ചുപൂട്ടാന്‍ ഉത്തരവിടുകയായിരുന്നു. പരിശോധനയ്ക്കിടെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തി. അതേസമയം ഇറച്ചിവാങ്ങുമ്പോള്‍ തന്നെ കടയില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നതായും ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ സമീപത്തെ മാലിന്യത്തില്‍ നിന്നാണ് ദുര്‍ഗന്ധം എന്നായിരുന്നു കടയുടമയുടെ മറുപടി. ഇതു വിശ്വസിച്ചാണ് താന്‍ ഇറച്ചി വാങ്ങിയത് എന്ന് അജേഷ് പറഞ്ഞു.
ഒരാഴ്ച മുന്‍പ് ഇവിടെ നിന്നും കോതോട്ടുള്ള ഒരു വിവാഹ വീട്ടിലേക്ക് വാങ്ങിയ ഒന്നര കിന്റല്‍ ഇറച്ചി ചീത്തയായതിനെ തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയാതെ കുഴിച്ചുമൂടേണ്ടി വന്നുവെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. കൂടാതെ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കടയില്‍ നിന്ന് ദുര്‍ഗന്ധം ഉണ്ടാകുന്നു എന്ന സമീപ കച്ചവടക്കാരുടെ പരാതിയില്‍ പഞ്ചായത്ത് കടയ്ക്ക് നോട്ടിസും നല്‍കിയിട്ടുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."