അംബേദ്കര്‍ ഗ്രാമം: പദ്ധതിക്ക് തുടക്കം
കണ്ണൂര്‍: പിന്നോക്കാവസ്ഥയിലുളള പട്ടികജാതി കോളനികളെ ദത്തെടുത്ത് പരിപാലിക്കുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.
ഒരു കോടി രൂപ ചിലവില്‍ കോളനികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് അംബേദ്കര്‍ ഗ്രാമം.
ജില്ലയില്‍ തെരഞ്ഞെടുത്ത പട്ടികജാതി കോളനികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ പത്ത് കോളനികള്‍ക്കാണ് അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. തെരഞ്ഞെടുത്ത കോളനികളില്‍ റോഡ്, ശൗചാലയം, കിണര്‍, ആരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ പദ്ധതി മുഖേന നടത്തും.
നിലവിലുളള സൗകര്യങ്ങളുടെ നവീകരണങ്ങള്‍ക്കും ഫണ്ട് ഉപയോഗിക്കും. ധര്‍മ്മടം അംബേദ്കര്‍ കോളനി, പളളിപ്രം, അവേര, പുഞ്ചവയല്‍, വെടിയപ്പന്‍ചാല്‍, കോറളായി, മാടക്കാം പൊയില്‍, കാരന്താട്, അത്താഴക്കുന്ന്, മുണ്ടയാട് എന്നീ കോളനികളെയാണ് ആദ്യ ഘട്ടത്തില്‍ ജില്ലയില്‍ നിന്നു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ജില്ലയ്ക്ക് അനുവദിച്ച തുകയുടെ 96 ശതമാനവും വിവിധ പദ്ധികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലാണ് ഏറ്റവും കൂടുതല്‍ ഫണ്ട് വിനിയോഗിച്ചു.
കോര്‍പ്പസ് ഫണ്ട് ഇനത്തില്‍ സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ചിട്ടുണ്ട്. വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച 24.67 കോടി രൂപയില്‍ 23.65 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
വിദേശത്ത് തൊഴില്‍ തേടുന്ന പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ വരെ സഹായവും നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."