തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനുള്ള നീക്കവുമായി കമ്മിഷന്‍
ന്യൂഡല്‍ഹി: ലോക്‌സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കം. ഇതിന്റെ ഭാഗമായി ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ ദേശീയ നിയമ കമ്മിഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ഒന്നിച്ചുനടത്തുന്നതിന്റെ നിയമവശങ്ങള്‍ ആദ്യം പരിശോധിക്കുകയാകും കമ്മിഷന്‍ ചെയ്യുക. ഇതിനായി ലോ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ബി.എസ് ചൗഹാന്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രൂപം നല്‍കിയിട്ടുണ്ട്. നിയമകമ്മീഷന്‍ തയാറാക്കിയ പദ്ധതി രേഖയുടെ അടിസ്ഥാനത്തിലാണ് നിയമവിദഗ്ധരുമായുള്ള ബുധനാഴ്ചത്തെ ചര്‍ച്ച. ഇതിനു പിന്നാലെ രാഷ്ട്രീയകക്ഷികളുമായും കമ്മിഷന്‍ ചര്‍ച്ച നടത്തും.
2019 ലും 2024 ലുമായി രണ്ട് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്തി പുതിയ രീതിയിലേക്ക് മാറ്റുന്നതാണ് മുഖ്യമായും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിക്കുന്നത്. പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ട വര്‍ഷത്തിനിടയില്‍ ഏതെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ കാലാവധി അവസാനിച്ചാല്‍ ബാക്കിയുള്ള കാലത്തേക്കുമാത്രമായി തെരഞ്ഞെടുപ്പ് നടത്തും.
ഇതിന് ഭരണഘടനയുടെ രണ്ട് വകുപ്പുകള്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്. അതേസമയം, ഭൂരിപക്ഷം സംസ്ഥാനങ്ങളും അത് അംഗീകരിക്കുകയും ചെയ്താല്‍ മാത്രമെ അത് നടപ്പാക്കാന്‍ കഴിയൂ.
ജനപ്രാതിനിധ്യ നിയമത്തിലെ ചില വകുപ്പുകള്‍ പാര്‍ലമെന്റിലെ കേവല ഭൂരിപക്ഷത്തോടെ ഭേദഗതി ചെയ്യേണ്ടതുമുണ്ട്. ഇതു പ്രകാരം 2024ല്‍ രണ്ടാംഘട്ടത്തില്‍ പദ്ധതി പൂര്‍ത്തിയാക്കാമെന്നാണ് നിയമ കമ്മിഷന്‍ കരുതുന്നത്. ഭേദഗതികള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണെന്നാണ് നിയമ കമ്മിഷന്റെ നിലപാട്. ഇത്തരം നിയമവശങ്ങളാണ് യോഗം ചര്‍ച്ചചെയ്യുക.
1951- 52 കളിലാണ് രാജ്യത്ത് ആദ്യമായി ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒന്നിച്ചുനടന്നത്. ഇതിന്റെ തുടര്‍ച്ചയായി 1957, 1962, 1967 വര്‍ഷങ്ങളിലും സമാനമായി തെരഞ്ഞടുപ്പ് നടന്നു. എന്നാല്‍ 1968, 1969 വര്‍ഷങ്ങളില്‍ കാലാവധി തികയ്ക്കും മുന്‍പ് ചില സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടതോടെയാണ് ഈ ഘടന തെറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."