മാക്കാന്‍
പേടിത്തൊണ്ടാ....
പേടിത്തൊണ്ടാ.....
നീട്ടിയുള്ള വിളി കേട്ടു ഞാനൊന്നു ഞെട്ടി. ഇതാരാ ഇപ്പോ ഇങ്ങനെ വിളിക്കാന്‍. ഭയന്ന മുഖവുമായി ചുറ്റിലും നോക്കിയെങ്കിലും ആരെയും കണ്ടില്ല. എങ്ങോട്ടു തിരിഞ്ഞാലും ഇതു തന്നെ, എന്തൊരു കഷ്ടമാണല്ലേ.
ആരായിരിക്കാമെന്നു ചിന്തിച്ചപ്പോഴേക്കും മനസു തന്നെ എന്നോടു ചോദിക്കുന്നു, ആരായാലെന്താ സംഗതി സത്യമല്ലേയെന്ന്. വെറുതേ എല്ലാറ്റിനേം പേടിച്ച് ഓരോ ദിവസവും തള്ളിനീക്കുന്ന ഞാനെന്താണ് ഇങ്ങനെ ആയത്? ആരെയാണു ഭയക്കുന്നത്? തനിക്കറിയാം ഒന്നുമില്ലയെന്ന്. പക്ഷേ മനസില്‍ ആഴത്തില്‍ വേരോടിയ ഭയം അങ്ങനെയൊന്നും തന്നെ വിട്ടുപോകില്ലല്ലോ. കുട്ടിക്കാലം മുതല്‍ അനുഭവിക്കുന്ന ഭീകരാവസ്ഥയിതു തന്നെയല്ലേ?
ഭക്ഷണം കഴിക്കാതിരുന്നാല്‍ 'മാക്കാന്‍' വരുമെന്നു പറഞ്ഞ് ആദ്യം പേടിപ്പിച്ചത് അമ്മയായിരുന്നു, വെറുതേ തന്നെയൊന്നു ഭയപ്പെടുത്തി ഭക്ഷണം കഴിപ്പിക്കാന്‍ വേണ്ടി അമ്മയുണ്ടാക്കിയ സൂത്രപ്പണിയാണെന്നു മനസിലാക്കാന്‍ അന്നത്തെ കുഞ്ഞുമനസിനു കഴിയില്ലല്ലോ. കുട്ടിയില്‍നിന്നുള്ള വളര്‍ച്ച ഓരോ ഘട്ടം പിന്നിട്ടെങ്കിലും ഭയത്തിന്റെ അളവ് കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല. ആരെയാണ് ഞാന്‍ കുറ്റപ്പെടുത്തണ്ടത്? ഭക്ഷണം കഴിപ്പിക്കാന്‍ വേണ്ടി അമ്മയ്ക്കു നിസാരമെന്നു തോന്നിയ വെറുമൊരു കള്ളം, മാക്കാനെന്ന വെറുമൊരു സങ്കല്‍പം എന്നെ ഇങ്ങനെയാക്കിത്തീര്‍ത്തു.
ഇരുളില്‍നിന്നിറങ്ങി തന്നെ പിടിക്കാന്‍ വരുന്ന മാക്കാന്‍ ഊണിലുമുറക്കത്തിലുമെന്നും പേടിസ്വപ്നമായി. എന്റെ പേടിയെ അമ്മ നിസാരമായിക്കണ്ട് ഓരോ കാര്യത്തിനും മാക്കാനെ വിളിച്ചു കാര്യങ്ങള്‍ ഭംഗിയായി നടത്തി. കുഞ്ഞുമനസിലെ വിലക്കുകളെല്ലാം മാക്കാനെ ചുറ്റിപ്പറ്റിത്തന്നെയായിരുന്നു. അമ്മയിട്ട പേരുമാറി. അമ്മയുള്‍പ്പെടെ എന്നെ പേടിത്തൊണ്ടന്‍ എന്നു വിളിക്കാന്‍ തുടങ്ങി. എനിക്കെന്റെ പേരറിയാതെയായി. എല്ലാവരും എപ്പോഴുമെന്നെ പേടിത്തൊണ്ടാ പേടിത്തൊണ്ടാ എന്നു മാത്രം വിളിക്കാന്‍ തുടങ്ങി. എന്നെ ഞാന്‍ തന്നെ ഭയന്നു. ഇരുളിനെ ഭയന്നു, നിഴലിനെ ഭയന്നു, അമ്മയേയുമച്ഛനേയും ഭയന്നു. ഭയം എന്ന വികാരം എനിക്കൊപ്പം എന്നില്‍ സംഹാരനൃത്തമാടി.
മാക്കാന്‍ എത്ര വൃത്തികെട്ട പദം! എന്തിനാണു കുട്ടികളെ ഭയപ്പെടുത്തുന്നത്? അവരുടെ കുഞ്ഞുമനസിനെ കുറിച്ചു ചിന്തിക്കാത്തതു കൊണ്ടല്ലേ? പേടി എന്ന വികാരത്തെ വെറുതെ കുഞ്ഞുമനസില്‍ തള്ളിക്കയറ്റി. എന്നെപ്പോലെ എന്തിനെയും ഏതിനെയും ഭയപ്പെടുന്ന പല കുട്ടികളും കാണില്ലേ?
അച്ഛന്‍ അമ്മയോടു പലയാവര്‍ത്തി ചോദിക്കുന്നതു കേട്ടു, ഇവനെന്റെ മകന്‍ തന്നെയോ എന്ന്. അശ്രീകരം പേടിത്തൊണ്ടന്‍ എന്ന് അച്ഛന്‍ തന്നെ ആദ്യം വിളിച്ചു. മാക്കാനെ ഭയന്ന ഞാന്‍ ഇരുട്ടിലൂടെ ഊളിയിട്ടു വരുന്ന രൂപത്തെ പല രീതിയിലും മനസില്‍ വരച്ചിട്ടു. അതിലേറെ ഭയന്നു. കണ്ണടയ്ക്കാനെന്നും പേടിയായിരുന്നു. ഉറക്കമില്ല, സ്വപ്നങ്ങളില്ല, ചിന്തകളില്‍ ഭയം മാത്രം. അമ്മയുടെ സാരിത്തുമ്പിലെ പിടിവിടാതെ എപ്പോഴും കൂടെയുണ്ടായിരുന്നു, അതായിരുന്നു ആകെയുള്ള കരുത്ത്.
'നാശം' അച്ഛന്റെ പറച്ചിലാണ്. ഈ ജന്തു കാരണം മുറിയിലെ ലൈറ്റണയ്ക്കാനും പാടില്ലല്ലോ. ഇറങ്ങിക്കോണം അമ്മയും മോനും. അപ്പുറത്തെ മുറിയില്‍പ്പോയിക്കിടന്നോ. ഇനിയീ മുറിയില്‍ക്കിടക്കണ്ട. അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ചന്നാ മുറിയുടെ വാതിലും കടന്നപ്പുറത്തെ മുറിയിലേക്ക്. ലൈറ്റണയ്ക്കാത്ത മുറിയായി മാറി അന്നു മുതല്‍ ആ മുറി.
എങ്ങോട്ടു നോക്കിയാലും ഭയം തന്നെ. വളര്‍ന്നപ്പോള്‍ മാക്കാനെന്നതിലുപരി ഇരുളിനെത്തന്നെ ഭയന്നു. പരിഹാസങ്ങളും കുത്തുവാക്കുകളും അച്ഛനൊപ്പം അമ്മ കൂടി പറയാന്‍ തുടങ്ങിയപ്പോള്‍ തളര്‍ന്നുപോയി. ബന്ധുക്കളില്ല, കൂട്ടുകാരില്ല, ഞാനിങ്ങനെ ആയതുകൊണ്ട് മറ്റൊരു കുട്ടിയെപ്പറ്റി അമ്മയുമച്ഛനും ചിന്തിച്ചില്ല, അവിടെയും ഒറ്റപ്പെട്ടു.
ഞാനൊന്നു ചോദിച്ചോട്ടെ, ഞാനിങ്ങനെയാവാന്‍ കാരണം ആരാണ്? കുഞ്ഞുമനസില്‍ കുത്തിനിറച്ച പേടി എന്നെ വിട്ടൊഴിയാത്തതിനു കുറ്റക്കാരന്‍ ഞാനാണോ? ഇന്നമ്മയില്ല, രക്ഷയ്ക്കായി ആ സാരിത്തുമ്പുമില്ല. ശാപം ചൊരിഞ്ഞ് അവര്‍ രണ്ടു പേരും മരണമെന്ന സുന്ദരപദത്തിലേക്കു യാത്രയായി.
ഇന്നീ ലൈറ്റണയ്ക്കാത്ത മുറിയില്‍ ഏകനായി സ്വപ്നങ്ങളില്ലാതെ എന്തിനെയോ ഭയന്നു ഞാന്‍. ചുവരുകള്‍ക്കുള്ളില്‍നിന്നു പുറത്തേക്കു ചാടുന്ന മാക്കാനെയോര്‍ത്തു പേടിച്ചു വിറച്ച്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."