പോക്‌സോ; ഇരകളുടെ സമര പ്രഖ്യാപന ഉപവാസം 21ന്
കല്‍പ്പറ്റ: കുട്ടികളുടെ നിയമ പ്രകാരമുള്ള അവകാശ സംരക്ഷണവും ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും നടത്തിപ്പുകാരായി എന്‍.ജി.ഒകളേയും സമാന സ്വഭാവമുള്ള ഏജന്‍സികളേയും ഏല്‍പ്പിക്കുന്നത് ആദിവാസികള്‍ക്ക് ദുരിതമാകുന്നതായി കമ്മിറ്റി എഗൈന്‍സ്റ്റ് പോക്‌സോ ഓണ്‍ ട്രൈബല്‍ മാര്യേജ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പോക്‌സോ ഉള്‍പെടെയുള്ള നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ ഇത്തരം ഏജന്‍സികളും നിയമ സംവിധാനങ്ങളും ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ഇതിനെതിരേ തെറ്റായ നീതി നടത്തിപ്പ് മൂലം ദുരിതത്തിലായ ആദിവാസി യുവതീ-യുവാക്കളും അവരുടെ ബന്ധുക്കളും കമ്മിറ്റി എഗൈന്‍സ്റ്റ് പോക്‌സോ ഓണ്‍ ട്രൈബല്‍ മാര്യേജിന്റെ നേതൃത്വത്തില്‍ ഈ മാസം 21ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന് മുന്നില്‍ സമര പ്രഖ്യാപന ഉപവാസം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ആദിവാസി ആചാര പ്രകാരം ഒരുമിച്ചു ജീവിക്കുന്നവരെ പോക്‌സോ നിയമത്തിന്റെ കടുത്ത വകുപ്പുകള്‍ ചാര്‍ത്തി ശിക്ഷിക്കുന്നവര്‍ കൊട്ടിയൂര്‍ പീഡന കേസിലും മറ്റും പ്രതികളെ ഉള്‍പെടെ രക്ഷപ്പെടാന്‍ അനുവദിക്കുന്ന തരത്തിലുള്ള വകുപ്പുകള്‍ മാത്രമാണ് ചുമത്തുന്നത്. കൊട്ടിയൂര്‍ പീഡന കേസിലെ ഒന്നാം പ്രതി ഫാ. റോബിന് രക്ഷപ്പെടാന്‍ കൂട്ടുനിന്ന് അധികാര ദുര്‍വിനിയോഗം, തെളിവുനശിപ്പിക്കല്‍, ഗൂഢാലോചന, വ്യാജ രേഖ ചമക്കല്‍ തുടങ്ങിയ ഗുരുതരകുറ്റം ചെയ്ത സി.ഡബ്ല്യൂ.സി ചെയര്‍മാനായിരുന്ന ഫാ. ജോസഫ് തോമസ് തേരകം, വിദഗ്ധ അംഗം ഡോ. ബെറ്റി എന്നിവര്‍ക്കെതിരേ ദുര്‍ബല വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നത്.
സി.ഡബ്ല്യൂ.സി, ചൈല്‍ഡ് ലൈന്‍, നീതി വേദി, പോക്‌സോ കോടതി തുടങ്ങിയ സംവിധാനങ്ങള്‍ അവരുടെ പ്രവര്‍ത്തന മികവ് കാണിക്കാനാണ് ആദിവാസി വിവാഹങ്ങളില്‍ പോക്‌സോ നിയമത്തിലെ കടുത്ത വകുപ്പുകള്‍ ചുമത്തുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു. സി.ഡബ്ല്യൂ.സി ചെയര്‍മാനായിരിക്കെ ഫാ. തോമസ് തേരകം അടക്കമുള്ളവര്‍ പരിഗണിച്ച മുഴുവന്‍ കേസുകളും പുനഃപരിശോധിക്കുക, ഗുരുതര കുറ്റങ്ങള്‍ ചെയ്ത തേരകത്തെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ അഡ്വ. പി.എ പൗരന്‍, കണ്‍വീനര്‍ ഡോ. പി.ജി ഹരി, സാം പി മാത്യൂ, അമ്മിണി, വര്‍ഗീസ് വട്ടേക്കാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."