ചേവായൂര്‍: ആര്‍.ടി ഓഫിസുകളിലും ടെസ്റ്റ് ഗ്രൗണ്ടിലും തങ്ങളുടെ അപേക്ഷകര്‍ക്കുവേണ്ടി ഡ്രൈവിങ് സ്‌കൂള്‍ അധികൃതരുടെ ഇടപെടല്‍ ശക്തമെന്ന് പരാതി. തിരുവനന്തപുരം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് കോഴിക്കോട് പ്രതികരണ വേദിയാണ് പരാതി നല്‍കിയത്. ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന സമയങ്ങളില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ സര്‍ക്കുലര്‍ അവഗണിച്ചാണു ഡ്രൈവിങ് സ്‌കൂളുകാരുടെ ഇടപെടല്‍ എന്നാണ് പരാതിയില്‍ പറയുന്നത്.
കോഴിക്കോട്, മലപ്പുറം, വയനാട്, കൊടുവള്ളി, കൊയിലാണ്ടി ഓഫിസുകളിലാണ് ടെസ്റ്റ് സമയത്ത് ശക്തമായ ഇടപെടല്‍ നടക്കുന്നത്. റോഡ് ടെസ്റ്റ് നടക്കുമ്പോള്‍ ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാര്‍ വാഹനങ്ങളുടെ അകത്തുകയറിയിരുന്ന് അപേക്ഷകര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും സഹായങ്ങളും ചെയ്തുകൊടുക്കുന്നത് പതിവാണെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു.
ഉദ്യോഗസ്ഥരും ഡ്രൈവിങ് സ്‌കൂളുകാരുമായുള്ള അവിഹിത ബന്ധമാണ് ഇത്തരം ഇടപെടലുകള്‍ക്ക് കാരണമെന്നാണ് ഇവര്‍ പറയുന്നത്.
കോഴിക്കോട്ടും മലപ്പുറത്തുമുള്ള ചില ഗ്രൗണ്ടുകളില്‍ ലൈറ്റ് വാഹനങ്ങളുടെ ഗ്രൗണ്ട്‌ടെസ്റ്റ്(എച്ച്) നടക്കുമ്പോള്‍ ആംഗ്യഭാഷയില്‍ നിര്‍ദേശങ്ങള്‍ കൊടുക്കാന്‍ ചില ഉദ്യോഗസ്ഥര്‍ മൗനാനുമതി നല്‍കാറുണ്ട്. എച്ച് ട്രാക്കില്‍ പലതവണ നിര്‍ത്തിയാണ് ചിലര്‍ പരീക്ഷ പൂര്‍ത്തിയാക്കുന്നത്.
ആവശ്യമെങ്കില്‍ ഇതിന്റെയെല്ലാം വിഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. ഉദ്യോഗസ്ഥര്‍ക്കിടയില്‍ സ്വാധീനമുണ്ടെന്ന് അപേക്ഷകനെ ബോധ്യപ്പെടുത്താനാണ് ഡ്രൈവിങ് സ്‌കൂളുകാര്‍ ഇത്തരം ഇടപെടലുകള്‍ നടത്തുന്നത്. ആര്‍.ടി ഓഫിസുമായി അടുത്തബന്ധമുള്ള ഡ്രൈവിങ് സ്‌കൂള്‍ തേടിയാണ് അപേക്ഷകര്‍ പോകുന്നത്. അതുകൊണ്ടാണ് ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കാനും ഇടപെടല്‍ നടത്താനും സ്‌കൂള്‍ നടത്തിപ്പുകാര്‍ നിര്‍ബന്ധിതരാകുന്നത്.
ഇത്തരത്തില്‍ അവിഹിത മാര്‍ഗത്തിലൂടെ ലൈസന്‍സ് നേടുന്നവര്‍ വാഹനവുമായി റോട്ടിലിറങ്ങുമ്പോള്‍ അപകടങ്ങളില്‍പെടുന്നത് പതിവാണ്. ഡ്രൈവിങ് ടെസ്റ്റുകളിലുള്ള ബാഹ്യ ഇടപെടല്‍ അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് പ്രതികരണവേദി ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."