കരുവാരക്കുണ്ടിലെ മാവോയിസ്റ്റ് അക്രമം: പളനി വേലുവിന് ബന്ധമുണ്ടെന്ന് തെളിഞ്ഞതായി പൊലിസ്
കാളികാവ്: കരുവാരകുണ്ട് പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മാവോയിസ്റ്റ് കേസില്‍ തമിഴ്‌നാട്ടുകാരനായ പളനി വേലുവിന് ബന്ധമുണ്ടെന്ന് തെളിഞ്ഞതായി പൊലിസ്. കരുവാരകുണ്ട് ആര്‍ത്തലകുന്നില്‍ തോട്ടം തൊഴിലാളിയെ ഭീഷണിപ്പെടുത്തി പണി ആയുധങ്ങള്‍ അപഹരിച്ചുവെന്ന കേസിലാണ് പളനി വേലുവിനെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ളത്. വ്യാഴാഴ്ച നടന്ന തെളിവെടുപ്പില്‍ പളനി വേലുവിന്റെ മൊഴിയില്‍നിന്നാണ് തെളിവ് ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കസ്റ്റഡി കാലാവധി തീരുന്നതിനാല്‍ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി സേലം സെന്‍ട്രര്‍ ജയിലിലേക്ക് തിരിച്ചു കൊണ്ടുപോകും.
കേരളത്തില്‍ വന്നിട്ടേയില്ല എന്ന രീതിയിലാണ് പളനി വേലു തെളിവെടുപ്പു വേളയില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്. പളനി വേലു ഉള്‍പടെയുള്ള മാവോവാദികളുടെ ചിത്രം കാണിച്ചുള്ള ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിക്കേണ്ടി വന്നത്. 2011ല്‍ അജിതയുമായുള്ള ബന്ധത്തോടെയാണ് മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്നും ഇപ്പോള്‍ നിലമ്പൂര്‍ കാട്ടിലുണ്ടെന്ന് പറയുന്ന തമിഴ് നാട്ടുകാരനായ കണ്ണന്‍, കര്‍ണാടകക്കാരനായ രമേഷ് എന്നിവരുമായി ബന്ധമുണ്ടെന്നും പളനി വേലു മൊഴി നല്‍കിയിട്ടുണ്ട്. അജിതയായിരുന്നു സംഘടനയിലെ അടുത്ത സുഹൃത്തെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
മാവോയിസ്റ്റുകള്‍ നിരപരാധികളെ അക്രമിക്കുന്നവരല്ല ഫാസിസത്തിനെതിരേയുള്ള പോരാട്ടമാണ് നയിക്കുന്നതെന്നും പളനി വേലു പറഞ്ഞു. കേരളത്തില്‍ നടന്ന നീക്കങ്ങളെല്ലാം അത്തരത്തിലുള്ളതാണെന്നും പറഞ്ഞു. പളനി വേലുവിനെതിരേ കരുവാരകുണ്ട് സ്റ്റേഷനില്‍ 13915 നമ്പര്‍ പ്രകാരമുള്ള കേസില്‍ മാത്രമാണ് തിരിച്ചറിയലും മൊഴി എടുക്കലും പൂര്‍ത്തിയാക്കിയിട്ടുള്ളത്. തമിഴ്‌നാട്ടില്‍ സായുധ പരിശീലന ക്യാംപ് സംഘടിപ്പിച്ചതുള്‍പ്പടെ പളനി വേലുവിനെതിരേ നിരവധി കേസുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."