ബ്രെക്‌സിറ്റ് ഫലം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് തിരിച്ചടിയായേക്കും
ലണ്ടന്‍: യൂറോപ്പ്യന്‍ യൂനിയനില്‍ നിന്നു പുറത്തുപോവുന്നതിനെ അനുകൂലിച്ച ബ്രെക്‌സിറ്റ് ഫലം ലോകത്തേറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ഫുട്‌ബോള്‍ ലീഗായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനും തിരിച്ചടിയായേക്കും. വരും ദിവസങ്ങളില്‍ ഇതു കളിക്കാരുടെ കൈമാറ്റത്തെ സാരമായി ബാധിക്കുമെന്നു ഫുട്‌ബോള്‍ ലോകം നിരീക്ഷിക്കുന്നു.
കഴിഞ്ഞ സീസണില്‍ 432 യൂറോപ്പ്യന്‍ താരങ്ങളാണ് പ്രീമിയര്‍ ലീഗിലെ 20 ടീമുകളിലായി കളിച്ചത്. ഇതില്‍ പല വമ്പന്‍ താരങ്ങളുമുണ്ട്. എന്നാല്‍ നിലവിലുള്ള താരങ്ങളെ പുറത്താക്കുന്ന നടപടി ഉണ്ടാവാനിടയില്ല. പുതിയ താരങ്ങളുമായി കരാറൊപ്പിടുന്നതിനാണ് നിലവിലെ സഹാചര്യം ബാധിക്കാന്‍ സാധ്യത. എന്നാല്‍ രാഷ്ട്രീയ കക്ഷികള്‍ പ്രീമിയര്‍ ലീഗ് ടീമുകളുടെ തീരുമാനങ്ങളെ എതിര്‍ക്കാനും സാധ്യതയുണ്ട്.
എന്നാല്‍ ബ്രെക്‌സിറ്റ് ഫലങ്ങള്‍ ടീമിനെ ബാധിക്കില്ലെന്നാണ് ലീഗുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വരും വര്‍ഷങ്ങളിലുണ്ടാകാനിടയുള്ള പ്രതിസന്ധിയെ ലീഗ് അധികൃതര്‍ മറികടക്കുമെന്ന് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ സാമ്പത്തിക വിദഗ്ധര്‍ പ്രീമിയര്‍ ലീഗ് അടുത്തു തന്നെ തകര്‍ന്നു തുടങ്ങുമെന്ന് വിധിയെഴുതി കഴിഞ്ഞു. ലീഗിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ കീത്ത് ഹാരിസ് ലീഗ് അധികൃതര്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
പ്രമുഖ വിദേശ താരങ്ങളെ പ്രീമിയര്‍ ലീഗുമായി കരാറിലെത്തിക്കുന്നതില്‍ പങ്കുവഹിക്കുന്നയാളാണ് ഹാരിസ്. റൊമേലു ലുകാകു, ദിമിത്രി പയെറ്റ്, ആന്റണി മാര്‍ഷല്‍, എന്‍ഗോലോ കാന്‍ഡെ എന്നിവര്‍ക്ക് പ്രീമിയര്‍ ലീഗ് ക്ലബുകളില്‍ തുടരാന്‍ സാധിക്കില്ലെന്നാണ് ഹാരിസിന്റെ വാദം. യൂറോപ്പ്യന്‍ യൂനിയനില്‍ നിന്നുള്ള താരങ്ങള്‍ വര്‍ക്ക് പെര്‍മിറ്റില്ലാതെയാണ് നിലവില്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്. എന്നാല്‍ ബ്രെക്‌സിറ്റോടെ ഇതില്‍ മാറ്റം വരും. നിയമം കര്‍ക്കശമാക്കുന്നതോടെ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരും.
എന്നാല്‍ ഈ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന് വ്യക്തമാക്കാനാവില്ലെന്ന് ഹാരിസ് പറഞ്ഞു. പ്രമുഖ കളിക്കാരില്ലെങ്കില്‍ പ്രീമിയര്‍ ലീഗ് അനാകര്‍ഷകമാകും. വമ്പന്‍ താരങ്ങളാണ് ടൂര്‍ണമെന്റിന്റെ കരുത്ത്. എന്നാല്‍ നിലവിലുള്ള താരങ്ങളെ ബാധിക്കാതിരിക്കാന്‍ അധികൃതര്‍ വേണ്ടതു ചെയ്യുമെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു.
വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാന്‍ നിരവധി കടമ്പകളാണ് ബ്രിട്ടന്‍ മുന്നോട്ടു വയ്ക്കുന്നത്. മുന്‍നിര താരങ്ങള്‍ക്ക് അത്യാവശ്യം മത്സര പരിചയമുണ്ടെങ്കിലേ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കൂ. റാങ്കിങില്‍ പിന്നോട്ടുള്ള താരങ്ങള്‍ക്ക് ഈ നിബന്ധന കടുപ്പമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."