എം.എല്‍.എ ഫണ്ട് വകമാറ്റിയതായി ആരോപണം
പൊന്നാനി: നഗരസഭയിലെ ഒന്നാം വാര്ഡിലേക്കനുവദിച്ച എം.എല്‍.എ ഫണ്ട് വകമാറ്റിയതായി ആരോപണം. സംഭവത്തില്‍ പ്രതിഷേധവുമായി വാര്‍ഡ് കൗണ്‍സിലറും യു.ഡി.എഫും രംഗത്തെത്തി.
പൊന്നാനി നഗരസഭയിലെ ഒന്നാം വാര്‍ഡായ അഴീക്കല്‍ വാര്‍ഡിലെ റോഡ് നിര്‍മാണത്തിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച തുക തൊട്ടടുത്ത വാര്‍ഡിലേക്ക് വകമാറ്റിയെന്നാണ് യു.ഡി.എഫ് ആരോപണം. കഴിഞ്ഞ വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചതിനെത്തുടര്‍ന്ന് മനപ്പൂര്‍വം പദ്ധതി മറ്റൊരു വാര്‍ഡിലേക്ക് മാറ്റുകയായിരുന്നുവെന്ന് യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒന്നാം വാര്‍ഡിലെ പോസ്റ്റ് ഓഫിസിന് എതിര്‍വശമുള്ള റോഡ്, ജങ്കാര്‍ റോഡ് എന്നിവയുടെ നിര്‍മാണത്തിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചതോടെ പ്രതികാരബുദ്ധിയെന്നോണം പദ്ധതി വകമാറ്റുകയായിരുന്നുവെന്നാണ് ആരോപണം. തെരഞ്ഞെടുപ്പിന് ശേഷം മാര്‍ച്ച് ഒന്‍പതിന് ഈ ഫണ്ട് പിന്‍വലിച്ച് പദ്ധതി മറ്റൊരു വാര്‍ഡിലേക്ക് അനുവദിച്ചതായി സ്പീക്കറുടെ കത്ത് കലക്ടര്‍ മുഖേന നഗരസഭക്ക് കൈമാറിയെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. പൊന്നാനി പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ പറമ്പില്‍ അത്തീഖ്, യു. മുനീബ്, ഷാഫി പുളക്കല്‍, യു. അബ്ദുറസാഖ്, ഫൈസല്‍ കടവ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."