ശംസി ഷാഹി മസ്ജിദ് നിര്‍മിച്ചതും ക്ഷേത്രം പൊളിച്ചെന്ന്; രാജ്യത്തെ ഏറ്റവും പഴക്കമുള്ള മറ്റൊരു പള്ളിയില്‍ കൂടി സംഘ് പരിവാര്‍ അവകാശ വാദം
ബദായുന്‍: ബാബരി, ഷാഹി ഈദ്ഗാഹ്, സംഭാല്‍..ഇപ്പോഴിതാ ബദായുനിയിലെ ശംസി ഷാഹി മസ്ജിദും. രാജ്യത്തെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ പള്ളിയിലും അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംഘ്പരിവാര്‍. രാജ്യത്തെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെയും വലുപ്പത്തില്‍ ഏഴാമത്തെയും മസ്ജിദായ ഉത്തര്‍പ്രദേശ് ബദായുനിയിലെ ശംസി ഷാഹി മസ്ജിദിലാണ് സംഘ്പരിവാര്‍ അവകാശവാദമുന്നയിക്കുന്നത്.
സംഭല്‍ ഷാഹി മസ്ജിദിനെതിരെ ഹിന്ദുത്വ സംഘടനകള്‍ അവകാശവാദം ഉന്നയിക്കുകയും നിയമനടപടി ആരംഭിക്കുകയും കീഴ്‌ക്കോടതി സര്‍വേ അനുവദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സംഘ്പരിവാര്‍ ഉയര്‍ത്തിയ അവകാശവാദം വീണ്ടും ഉയര്‍ന്നു വന്നിരിക്കുകയാണ്.
അഖില ഭാരതീയ ഹിന്ദുമഹാസഭയാണ് അവകാശവാദം ഉന്നയിച്ച് കോടതിയില്‍ സ്വകാര്യ ഹരജി നല്‍കിയിരിക്കുന്നത്. നീലകണ്ഠ മഹാദേവ ക്ഷേത്രം പൊളിച്ചാണ് ബദായുനി പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന ശാഹി മസ്ജിദ് നിര്‍മിച്ചതെന്നാണ ഹരജിയിലെ വാദം. 2022 ലാണ് ഹിന്ദുമഹാസഭ നേതാവ് മുകേഷ് പട്ടേല്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരിക്കുന്നത്. പള്ളിയില്‍ പൂജകള്‍ നടത്താന്‍ അനുവദിക്കണമെന്നും സര്‍വേ നടത്താന്‍ ഉത്തരവിടണമെന്നുമാണ് സംഘടനയുടെ അവകാശവാദം.
23,500 പേര്‍ക്ക് നമസ്‌കരിക്കാന്‍ സൗകര്യമുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള മസ്ജിദാണിത്. 850 വര്‍ഷത്തോളം പഴക്കമുള്ള പള്ളിയാണെന്നും അവിടെ ക്ഷേത്രമുണ്ടായിരുന്നില്ലെന്നും ശംസി ഷാഹി മസ്ജിദ് പരിപാലന കമ്മിറ്റിയുടെ അഭിഭാഷകന്‍ അസ്രാര്‍ അഹമ്മദ് പറഞ്ഞു. ഹിന്ദുത്വസംഘടനയുടെ വാദം അംഗീകരിക്കാനാവില്ലെന്നും കേസ് തള്ളണമെന്നും ശംസി ഷാഹി മസ്ജിദ് പരിപാലനകമ്മിറ്റി ആവശ്യപ്പെട്ടു. കേസില്‍ മസ്ജിദ് പരിപാലനകമ്മിറ്റിയുടെയും വഖഫ് ബോര്‍ഡിന്റെ വാദങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കേസ് ഡിസംബര്‍ 5 ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."