കൊട്ടിയൂര്‍ പീഡനം: ഫാ. തേരകവും കന്യാസ്ത്രീകളും കീഴടങ്ങി
പേരാവൂര്‍: കൊട്ടിയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ വയനാട് സി.ഡബ്ല്യു.സി മുന്‍ ചെയര്മാന് ഫാദര്‍ തോമസ് തേരകം, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ബെറ്റി ജോസ് എന്നിവര്‍ കീഴടങ്ങി. ഇന്ന് രാവിലെ കണ്ണൂര്‍ പേരാവൂര്‍ പൊലിസ് സ്റ്റേഷനിലാണ് ഇവര്‍ കീഴടങ്ങിയത്.
കേസില്‍ സി.ഡബ്ല്യു.സി ഗുരുതര ക്രമക്കേട് കാട്ടിയെന്നു നേരത്തെ പൊലിസ് കണ്ടെത്തിയിരുന്നു. ഫാദര്‍ തോമസ് തേരകം കേസിലെ ഒന്‍പതാം പ്രതിയാണ്. സിസ്റ്റര്‍ ഒഫീലിയ എട്ടാം പ്രതിയും സിസ്റ്റര്‍ ബെറ്റി പത്താം പ്രതിയുമാണ്.
ഫാദര്‍ തോമസ് തേരകം,സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ബെറ്റി ജോസ്, തങ്കമ്മ എന്നീ നാലു പ്രതികളോട് അഞ്ചുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി ചൊവ്വാഴ്ച നിര്‍ദേശിച്ചിരുന്നു. ഹാജരാകുന്ന അന്നു തന്നെ ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഗൂഢാലോചനാ കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
ശിശുരോഗ വിദഗ്ധയായ സിസ്റ്റര്‍ ബെറ്റി ജോസ് ശിശുക്ഷേമസമിതി അംഗമായിരുന്നു. വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാമന്ദിരം സൂപ്രണ്ടാണ് സിസ്റ്റര്‍ ഒഫീലിയ. ഇവിടുത്തെ സഹായിയാണ് തങ്കമ്മ. കുഞ്ഞിനെ കൊണ്ടുവന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ യഥാസമയം ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്നും മറ്റുമാണ് ഇവരുടെ പേരിലുള്ള കുറ്റാരോപണം. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കും. തങ്കമ്മയാണ് ഇനി കീഴടങ്ങാനുള്ളത്.
പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തില്‍ എത്തിച്ചതുമായി ബന്ധപ്പെട്ട നടപടികളില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വയനാട് ശിശുക്ഷേമസമതി ചെയര്മാന് ഫാ.തോമസ് തേരകത്തിനും മറ്റു നാല് കന്യാസ്ത്രീകള്‍ക്കും എതിരേ പൊലീസ് കേസെടുത്തിരുന്നത്. കുഞ്ഞിനെ ഏറ്റെടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വയനാട് സി.ഡബ്ല്യു.സിയെ സര്‍ക്കാര്‍ പിരിച്ചുവിട്ട് പുതിയ നേതൃത്വത്തെ നിയോഗിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."