ജറൂസലമിലെ യു.എസ് എംബസി ഇന്ന് തുറക്കും
തെല്‍അവീവ്: പ്രതിഷേധങ്ങള്‍ക്കിടെ ജറൂസലമിലെ യു.എസ് എംബസി ഇന്ന് തുറക്കും. ചടങ്ങില്‍ പങ്കെടുക്കാനായി യു.എസ് പ്രതിനിധികള്‍ ഇസ്‌റാഈലിലെത്തി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക, ഭര്‍ത്താവും ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവുമായ ജാരദ് കുഷ്‌നര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത യു.എസ് സംഘം തന്നെ ഉദ്ഘാടന ചടങ്ങിനായി എത്തിയിട്ടുണ്ട്.
ട്രംപ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. പകരം വിഡിയോ കോണ്‍ഫ്രന്‍സിലൂടെ ചടങ്ങിനെ അഭിസംബോധന ചെയ്യും. യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ എംന്യൂച്ചിന്‍, യു.എസ് ഡെപ്യൂട്ടി വിദേശകാര്യ സെക്രട്ടറി ജോണ്‍ സുല്ലിവന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. 86 വിദേശ രാജ്യങ്ങളുടെ അംബാസഡര്‍മാരെ ഉദ്ഘാടന പരിപാടിയിലേക്കു ക്ഷണിച്ചതായി ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 40 പേര്‍ ക്ഷണം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഗ്വാട്ടിമാല, പരാഗ്വെ എന്നിവയുടെ പ്രസിഡന്റുമാര്‍, ഹംഗറി, റൊമാനിയ, ചെക്ക് റിപബ്ലിക്ക് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. ജറൂസലമിലേക്ക് എംബസി മാറ്റിയ യു.എസ് നടപടിയെ പിന്താങ്ങിയ രാജ്യങ്ങളാണ് ഇവയെല്ലാം. യു.എസ് നീക്കത്തിനെതിരായ യൂറോപ്യന്‍ യൂനിയന്‍ സംയുക്ത പ്രസ്താവനയെ ഈ രാജ്യങ്ങള്‍ ചേര്‍ന്നാണു തടഞ്ഞത്. ഗ്വാട്ടിമാലയും പരാഗ്വെയും തങ്ങളുടെ എംബസികള്‍ ജറൂസലമിലേക്കു മാറ്റുമെന്നും അറിയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നാണ് ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി ട്രംപ് അംഗീകരിച്ചത്. തീരുമാനം ലോകവ്യാപകമായി വന്‍ വിമര്‍ശം ക്ഷണിച്ചുവരുത്തിയിരുന്നു. മുന്‍ പ്രസിഡന്റുമാരുടെ കീഴ്‌വഴക്കം മറികടന്നാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. യു.എസ് എംബസി ഉടന്‍ ജറൂസലമിലേക്കു മാറ്റുമെന്നും ട്രംപ് അറിയിച്ചിരുന്നു. ഇതിനെതിരേ യൂറോപ്യന്‍ യൂനിയനും ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, സഊദി അറേബ്യ അടക്കമുള്ള അമേരിക്കയുടെ സഖ്യകക്ഷികളും ശക്തമായി രംഗത്തെത്തിയിരുന്നു. ജറൂസലം തങ്ങളുടെ തലസ്ഥാനമാണെന്നാണ് ഇസ്‌റാഈലിന്റെ അവകാശവാദം. എന്നാല്‍, കിഴക്കന്‍ ജറൂസലം ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായാണ് ഫലസ്തീനികള്‍ കരുതുന്നത്.
അതേസമയം, ജറൂസലമിലേക്ക് എംബസി മാറ്റിയ നടപടിക്കെതിരേ ഫലസ്തീനില്‍ പ്രതിഷേധം പുകയുകയാണ്. ഫലസ്തീനിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ അടക്കം പതിനായിരക്കണക്കിന് പൊലിസിനെ ഇസ്‌റാഈല്‍ വിന്യസിച്ചിട്ടുണ്ട്. മാര്‍ച്ച് 30ന് ആരംഭിച്ച ഏഴാഴ്ച പ്രക്ഷോഭത്തിനു സമാപനം കുറിക്കുന്നത് നാളെയാണ്. ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ കഴിഞ്ഞ ആഴ്ചകളില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കുനേരെയെല്ലാം ഇസ്‌റാഈല്‍ സൈന്യം വെടിവയ്പ്പ് നടത്തിയിരുന്നു. ഇതില്‍ 40 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."