ബഹ്‌റൈനില്‍ മലയാളിയുടെ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ച സ്‌പോണ്‍സര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്
മനാമ: ബഹ്‌റൈനില്‍ വീട്ടുജോലിക്കെത്തിയ മലയാളിയുടെ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ച ബഹ്‌റൈന്‍ സ്വദേശിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയ കായംകുളം സ്വദേശി അബ്ദുല്‍ ഷുക്കൂറിന്റെ(22) സ്‌പോണ്‍സറായ 84 വയസ്സുള്ള ബഹ്‌റൈനി യുവതിക്കതിരെയാണ് അറസ്റ്റ് വാറണ്ട്.
വീട്ടുജോലിക്കെത്തിയ ഇവര്‍ ശുക്കൂറിനോട് മോശമായി പെരുമാറിയിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഷുക്കൂറിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞു വെക്കുകയും ജോലി മാറ്റം അനുവദിക്കുകയോ ചെയ്തിരുന്നില്ല. തുടര്‍ന്ന് ബഹ്‌റൈന്‍ കെ.എം.സിസി മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ സാമൂഹ്യ പ്രവര്‍ത്തകന്‍ സലാം മമ്പാട്ടുമൂല ഇടപ്പെട്ടാണ് ഷൂക്കൂറിനെ ഈ ദുരിത ജീവിതത്തില്‍ നിന്നും രക്ഷപ്പടുത്തി നാട്ടിലേക്ക് അയച്ചത്.
ഈ സംഭവത്തെ തുടര്‍ന്നുള്ള അധികൃതരുടെ അന്വേഷണത്തിലാണ് ഷുക്കൂറിന്റെ പാസ്‌പോര്‍ട്ട് പിടിച്ചു വെച്ച സംഭവത്തില്‍ പ്രാഥമികമായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കുകയും എംബസി ആവശ്യപ്പെട്ടിട്ടും നല്‍കാതിരിക്കുകയും ചെയ്തുവെന്ന പരാതിയെ തുടര്‍ന്നാണിത്.
ഇന്ത്യന്‍ എംബസിക്കുവേണ്ടിയാണ് അഭിഭാഷക കേസില്‍ ഇടപെട്ടത്. ഇതേതുടര്‍ന്ന് ഇവരുടെ ബാങ്ക് എക്കൌണ്ട് മരവിപ്പിച്ചതായി വാദിയുടെ അഭിഭാഷകയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം പ്രായാധിക്യം കാരണം ഇവരുടെ അറസ്റ്റ് വൈകിയേക്കുമെന്നാണ് സൂചന.
ഷുക്കൂറിന്റെ ദുരിത ജീവിതം ഇങ്ങിനെ
മാസം തോറും 18,000 രൂപ ശമ്പളം ലഭിക്കുന്ന നല്ല ജോലിയുണ്ടെന്ന ഒരു ഏജന്റിന്റെ വാക്കു വിശ്വസിച്ച് 2015 ജനുവരിയിലാണ് ഷുക്കൂര്‍ ആദ്യമായി ബഹ്‌റൈനിലെത്തിയത്. തുടര്‍ന്ന് സല്‍മാനിയ പ്രവിശ്യയിലെ വീട്ടുടമസ്ഥ സംരക്ഷിക്കുന്ന തെരുവുപട്ടികളെ നോക്കുന്ന ജോലിയാണ് ഷുക്കൂറിന് ലഭിച്ചത്. സ്‌പോണ്‍സറുടെ വീട്ടുവളപ്പില്‍ തന്നെയാണ് പട്ടികളുണ്ടായിരുന്നത്. തുടക്കത്തില്‍ 13 പട്ടികളുണ്ടായിരുന്നത് പിന്നീട് 40 പട്ടികള്‍ വരെയായി. പട്ടികള്‍ക്ക് ലഭിക്കുന്ന പരിഗണനയുടെ പത്തിലൊരംശം പോലും ഷുക്കൂറിന് ലഭിച്ചിരുന്നില്ല.
പട്ടികള്‍ക്ക് ചോറും ചിക്കന്‍ കറിയും ഭക്ഷണമൊരുക്കുമ്പോള്‍ യുവാവിന് ബ്രഡ് ആയിരുന്നു കിട്ടിയത്. പട്ടികള്‍ക്കായി വീട്ടുടമസ്ഥ ചെലവിട്ടത് 300 ദിനാറോളമാണ്. ഷുക്കൂറിന് ലഭിച്ചതാകട്ടെ പ്രതിമാസം 70 ദിനാറും.ഇതോടൊപ്പം വീട്ടിലുള്ള രോഗിയായ സ്ത്രീയെ സംരക്ഷിക്കാന്‍ ആളില്ലാത്ത നേരത്ത് അവരുടെ അഴുക്കായ വസ്ത്രങ്ങള്‍ മാറ്റാനും മറ്റുമുള്ള ജോലിയും ഷുക്കൂറിനെ ഏല്‍പ്പിച്ചു. ഈ സ്ത്രീയാകട്ടെ, മനോവിഭ്രാന്തിയുള്ള പോലെ പെരുമാറുകയും പലപ്പോഴും ഷുക്കൂറിനെ മര്‍ദ്ദിക്കുകയു മുഖത്തു തുപ്പുകയും ചെയ്തിരുന്നു.
അവിടെ നിന്ന് സാഹസികമായി രക്ഷപ്പെട്ട ഷുക്കൂര്‍ നാട്ടുകാരനായ ഒരാളോടൊപ്പം താമസിച്ചുവരികയായിരുന്നു. നാട്ടിലേക്ക് മടങ്ങാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പലരെയും സമീപിച്ചെങ്കിലും ആരും ഇടപെട്ടില്ല. വിസ കൊടുത്ത ആള്‍ വീട്ടില്‍വന്ന് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴും സ്ത്രീ മോശമായാണ് പെരുമാറിയത്. ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഫോണ്‍ വിളിച്ചപ്പോള്‍ സ്ത്രീ സംസാരിക്കാന്‍ പോലും കൂട്ടാക്കിയതുമില്ല. പാസ്‌പോര്‍ട് സ്ത്രീയുടെ കയ്യിലായത് തിരിച്ചു പോക്കിനും ജോലി മാറ്റത്തിനും
വലിയ തിരിച്ചടിയുമായി.
തുടര്‍ന്നാണ് ബഹ്‌റൈനിലെ സാമൂഹ്യ പ്രവര്‍ത്തകനും ബഹ്‌റൈന്‍ കെ.എം.സിസി മലപ്പുറം ജില്ലാ പ്രസിഡന്റുമായ സലാം മന്പാട്ടുമൂല ഇടപെട്ട് എംബസിയില്‍ നിന്നും ഔട്ട് പാസ് തരപ്പെടുത്തി ഷുക്കൂറിന്റെ ഈ ദുരിത ജീവിതത്തിന് അറുതിവരുത്തി നാട്ടിലേക്ക് അയക്കാന്‍ സഹായിച്ചത്. ഇതോടെയാണ് സംഭവം എംബസി അധികൃതരുടെ ശ്രദ്ധയിലെത്തിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."