സഊദി ഇറാന്‍ ഹജ്ജ് ചര്‍ച്ച വിജയകരം: ഈ വര്‍ഷം ഇറാന്‍ ഹാജിമാരെ അയക്കും
റിയാദ്: ആശങ്കകള്‍ക്ക് അറുതിയായി സഊദി ഇറാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഹജ്ജ്് കരാര്‍ പ്രാബല്യത്തിലായി. ഇതോടെ ഈ വര്‍ഷം ഇറാന്‍ തങ്ങളുടെ പൗരന്മാരെ സഊദിയിലേക്ക് വിശുദ്ധ ഹജ്ജ് നിര്‍വഹിക്കാന്‍ അയക്കുമെന്ന് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസം 23 ന് ഇറാന്‍ ഹജ്ജ് ചര്‍ച്ചാ സംഘം സഊദിയിലെത്തി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം ഹാജിമാരെ അയക്കാന്‍ സന്നദ്ധമായത്. ഈ വര്‍ഷം 80,000 ഹാജിമാരെ ഇറാന്‍ അയക്കുമെന്ന് മാര്‍ച്ച് അഞ്ചിന് ഇറാന്‍ തസ്‌നീം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും വെള്ളിയാഴ്ചയാണ് സഊദി അറേബ്യ ഔദ്യോഗികമായി ഇത് വെളിപ്പെടുത്തിയത്. എന്നാല്‍, ഇറാന്‍ നേരത്തെ ഉന്നയിച്ച പ്രശ്‌നങ്ങള്‍ സഊദി അംഗീകരിച്ചതായോ മറ്റോ ചര്‍ച്ചയുടെ വിശദാംശങ്ങളോ സഊദി പുറത്തു വിട്ടിട്ടില്ല.
2015 ല്‍ നടന്ന മിന ദുരന്തത്തില്‍ മരിച്ചവരില്‍ നൂറു കണക്കിന് ഇറാന്‍ പൗരന്മാരും ഉണ്ടായിരുന്നു. സഊദിയുടെ വിവിധ വിഷയങ്ങളില്‍ കടുത്ത അഭിപ്രായ വ്യത്യാസമുള്ള ഇറാന്‍ ഇതിനു ശേഷമാണ് തങ്ങളുടെ പൗരന്മാരെ ഹജ്ജിനു അയക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത്. ഹജ്ജ് കരാറില്‍ ഒപ്പു വെക്കാനായി കഴിഞ്ഞ വര്‍ഷം വിവിധ ഘട്ടങ്ങളിലായി സഊദി അറേബ്യ ,ഇറാനെ ചര്‍ച്ചക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ചര്‍ച്ചകളില്‍ അംഗീകരിക്കാന്‍ കഴിയാത്ത ആവശ്യങ്ങള്‍ പറഞ്ഞു ഇറാന്‍ ഒപ്പു വെക്കാതെ ഹജ്ജില്‍ നിന്നും പൗരന്മാര്‍ വരുന്നതില്‍ നിന്നും തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് വിരലിലെണ്ണാവുന്ന ഇറാന്‍ പൗരന്മാര്‍ വിവിധ രാജ്യങ്ങള്‍ വഴിയാണ് ഹജ്ജിനെത്തിയത്. 2015 നടന്ന ദുരന്തത്തില്‍ 770 ഹാജിമാരാണ് മരിച്ചതെന്നാണ് സഊസി അധികൃതര്‍ വ്യക്തമാക്കിയത്.എന്നാല്‍ 7000 ഹാജിമാര്‍ മരിച്ചെന്നും ഇതില്‍ 460 ആളുകള്‍ തങ്ങളുടെ പൗരന്മാരുമെന്നാണ് ഇറാന്‍ അധികൃതരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."