അപകടം അരികെ
തകര്‍ന്നു വീഴാറായി സിവില്‍ സ്റ്റേഷന്‍ അനക്‌സ് കെട്ടിടം
കണ്ണൂര്‍: സിവില്‍ സ്റ്റേഷന്‍ അനക്‌സ് കെട്ടിടത്തിലെത്തുന്ന ജീനക്കാര്‍ക്കും ജനങ്ങള്‍ക്കും നെഞ്ചിടിപ്പാണ്. അത്രകണ്ടു നശിച്ചിരിക്കുന്നു കാലപ്പഴക്കം ചെന്ന കെട്ടിടം. ആര്‍.ടി ഓഫിസ് ഉള്‍പ്പെടെ 50ഓളം ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷന്‍ അനക്‌സ് കെട്ടിടം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മഴക്കാലം എത്തുന്നതോടെ കെട്ടിടത്തിനകത്തെ മിക്ക ഓഫിസുകളിലും വെള്ളം അടിച്ചു കയറുന്നതും സീലിങ് അടര്‍ന്നു വീഴുന്നതും പതിവാണ്.
വരാന്തകളില്‍ വെള്ളക്കെട്ടു മൂലം നടക്കാന്‍ പോലും പറ്റാത്ത അവസ്ഥ. കെട്ടിടത്തിനകത്തെ ശുചിമുറികളാണെങ്കില്‍ ഉപയോഗിക്കാന്‍ കഴിയാത്ത വിധം ചോര്‍ന്നൊലിക്കുന്നു. വൈദ്യുതീകരണവും കോണ്‍ക്രീറ്റ് തൂണുകളും മേല്‍ക്കൂരയും ഉള്‍പ്പെടെ പഴകി ദ്രവിച്ചു. ഓരോ മഴക്കാലവും അനക്‌സ് കെട്ടിടത്തിലെത്തുന്ന ജീവനക്കാര്‍ക്കും ജനങ്ങള്‍ക്കും ദുരിതമാണ്. അധികൃതരുടെ മൂക്കിനു തുമ്പത്താണ് അപകടം പതിയിരിക്കുന്ന ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്.
നാനൂറോളം ജീവനക്കാരും അതിലേറെ ജനങ്ങളും സ്ഥിരമായി എത്തുന്ന കെട്ടിടത്തില്‍ മഴക്കാലം ഇന്നും ദുരിതകാലമാണ്. ലൈസന്‍സ് ആവശ്യങ്ങള്‍ക്കും വാഹന സംബന്ധമായ ഇടപാടുകള്‍ക്കുമായി ആര്‍.ടി ഓഫിസിലാണ് ഏറ്റവും കൂടുതല്‍ ആളുകളെത്തുക. കഴിഞ്ഞ വര്‍ഷം ആര്‍.ടി ഓഫിസിനു മുന്‍വശത്തെ കോണ്‍ക്രീറ്റ് അടര്‍ന്നു വീണപ്പോള്‍ തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്.
പട്ടിക ജാതി വികസന ഓഫിസ്, ടാക്‌സ് ഓഫിസ് തുടങ്ങി 20ഓളം ഓഫിസുകളാണ് താഴെ പ്രവര്‍ത്തിക്കുന്നത്. പി.എസ്.സി ഓഫിസ്, ആരോഗ്യ വിഭാഗം എന്നിവ മുകളിലത്തെ നിലയിലും പ്രവര്‍ത്തിക്കുന്നു. മിക്ക ഓഫിസ് ചുമരുകളിലും വിള്ളല്‍ വീണ നിലയിലാണ്. വാണിജ്യ നികുതി ഓഫിസിനു മുന്‍വശത്തെ കോണ്‍ക്രീറ്റ് തൂണുകള്‍ ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന സ്ഥിതിയിലാണ്. മഴ കനക്കുന്നതിനാല്‍ ഏതുനിമിഷവും തകര്‍ന്നു വീഴുമോ എന്ന ആശങ്കയിലാണ് അനക്‌സ് കെട്ടിടത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."