കോഴിയിറച്ചി വില കുതിക്കുന്നു
ഇരിട്ടി: ജില്ലയില്‍ കോഴി വില കുത്തനെ കുതിക്കുന്നു. ഒരുകിലോ കോഴിയിറച്ചിക്ക് 142 മുതല്‍ 155 രൂപ വരെയാണു പലയിടത്തും ഈടാക്കുന്നത്. ഇരിട്ടിയില്‍ 142 രൂപയും മട്ടന്നൂര്‍ മുതല്‍ തലശ്ശേരി, കണ്ണൂര്‍, കൂത്തുപറമ്പ് മേഖലകളില്‍ 150 രൂപയും അതിനു മുകളിലുമാണ് വില. ഈസ്റ്ററിനും വിഷുവിനും 85 രൂപയ്ക്കും 100 രൂപയ്ക്കും വിറ്റിരുന്ന കോഴിയാണ് ഒരുമാസത്തിനകം ഇരട്ടി വിലയായി കുതിച്ചത്.
തമിഴ്നാട്ടില്‍ നിന്നുള്ള കോഴി ഇറക്കുമതി കുറഞ്ഞതും പ്രാദേശികമായി വേനല്‍ ചൂടും ജലക്ഷാമവും പ്രതികൂല കാലാവസ്ഥയും കാരണം കോഴിഫാമുകളില്‍ ഉല്പാദനം കുറഞ്ഞതുമാണു കോഴി വില കുതിച്ചുയരാന്‍ കാരണമെന്നു ചെറുകിട വ്യാപാരികള്‍ പറയുന്നു. വിവാഹ സീസണും ആഘോഷങ്ങളും ഒരുമിച്ചെത്തിയതോടെ ആവശ്യത്തിനു കോഴി വിതരണത്തിന് എത്താത്തതിനെ തുടര്‍ന്നാണു കോഴിവില കുത്തനെ ഉയരാനിടയായത്.
റമദാന് കൂടി പടിവാതില്ക്കല് എത്തിയതോടെ ഇറച്ചിവില ഇനിയും കൂടാനാണു സാധ്യതയെന്നാണു വ്യാപാരികള്‍ പറയുന്നത്. ഓഖി ദുരന്തത്തെ തുടര്‍ന്നു കുത്തനെ കുറഞ്ഞ മത്സ്യവിപണിയും കോഴിയിറച്ചിക്കൊപ്പം കുതിച്ചുയരുകയാണ്. കിലോയ്ക്കു 60 മുതല്‍ 70 രൂപ വരെ ഉണ്ടായിരുന്ന സാധാരണക്കാരന്റെ മത്സ്യമായ മത്തിക്കു 120 മുതല്‍ 180 രൂപ വരെ വര്‍ധിച്ചിട്ടുണ്ട്. റമദാനും ട്രോളിങ് നിരോധനവും എത്തുന്നതോടെ മത്സ്യവിഭവങ്ങള്‍ക്കും തീവിലയാകുമെന്നു ഉറപ്പായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."