വിഭയുടെ കണ്ണീരോര്‍മയില്‍ പരിപ്പായി ഗ്രാമം
ശ്രീകണ്ഠപുരം: തളിപ്പറമ്പ് മന്നയില്‍ ബൈക്കില്‍ നിന്ന് തെറിച്ചു വീണ് ടാങ്കര്‍ ലോറി കയറി മരിച്ച പരിപ്പായി മുച്ചിലോട് മയിലപ്രവന്‍ അനീഷിന്റെ ഭാര്യ വിഭയുടെ വേര്‍പാടില്‍ ഭര്‍തൃഗ്രാമമായ പരിപ്പായിയും തേങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ് മരണവിവരമറിഞ്ഞതു മുതല്‍ നാട് മരവിപ്പിലായിരുന്നു. ശ്രീകണ്ഠപുരത്തെ തിരൂര്‍ പൊന്ന് വ്യാപാരിയും ഓര്‍ക്കിഡ് ഗിഫ്റ്റ് സെന്റര്‍ ഉടമയുമായ അനീഷിന്റെ ഭാര്യയായി അഞ്ച് വര്‍ഷത്തിനു മുമ്പാണ് വിഭ പരിപ്പായിലെത്തിയത്. നാട്ടുകാര്‍ക്കു സുപരിചിതയായ വിഭയുടെ മരണവിവരം ഞെട്ടലോടെയാണ് ഏവരും അറിഞ്ഞത്. അനീഷിനും മകള്‍ വൈഗക്കുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. അനീഷ് ഓടിച്ചിരുന്ന ബൈക്ക് ചാറ്റല്‍ മഴയില്‍ തെന്നിയപ്പോള്‍ വിഭ റോഡിലേക്ക് വീഴുകയും എതിരെ വന്ന ടാങ്കര്‍ ലോറിയുടെ പിന്‍ ചക്രം കയറുകയുമായിരുന്നു. സംഭവസ്ഥലത്തു തന്നെ വിഭ മരണപ്പെട്ടിരുന്നു. വിഭയോടുള്ള ആദര സൂചകമായി പരിപ്പായിയില്‍ കടകള്‍ അടഞ്ഞുകിടന്നു. മൃതദേഹം പരിയാരത്ത് നിന്നു പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പരിപ്പായില്‍ പൊതുദര്‍ശനത്തിനെത്തിച്ചു. തുടര്‍ന്ന് സ്വന്തം നാടായ കൂവേരിയിലേക്ക് കൊണ്ടുപോയി. മൃതദേഹം ഒരുനോക്കു കാണാന്‍ നൂറ് കണക്കിനാളുകള്‍ പരിപ്പായിലെത്തി. കെ.സി ജോസഫ് എം.എല്‍.എ, പി.ജെ ആന്റണി, പി.വി ഗോപിനാഥ്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ ദേവസ്യമേച്ചേരി, സി.സി മാമു ഹാജി, കെ.പി ഇബ്രാഹിം, സി.കെ മുഹമ്മദ് തുടങ്ങിയവര്‍ മൃതദേഹം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."