ഫോര്‍ട്ടുകൊച്ചി- വൈപ്പിന്‍ റോ റോ സര്‍വീസ് പുനരാരംഭിച്ചു
മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി- വൈപ്പിന്‍ റോ റോ ജങ്കാര്‍ സര്‍വ്വീസ് പുനരാരംഭിച്ചു. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് സര്‍വീസ് ആരംഭിച്ചത്. നിലവില്‍ ഒരു ഷിഫ്റ്റ് മാത്രമാകും സര്‍വീസ് നടത്തുക. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് സര്‍വീസ് നടത്തുക. യാത്രക്കാര്‍ കൂടുതലുള്ള രാവിലെയും വൈകിട്ടും സര്‍വീസ് ഇല്ലാത്തത് പ്രതിഷേധത്തിനിടയാക്കി. റോ റോയുടേയും ബോട്ട് സര്‍വീസിന്റെയും ടിക്കറ്റുകള്‍ ഒരേ കൗണ്ടറില്‍ കൊടുത്തത് യാത്രക്കാര്‍ക്ക് ആശങ്കയുണ്ടാക്കിയതിനെ തുടര്‍ന്ന് ബോട്ട് സര്‍വ്വീസ് നിര്‍ത്തിവെച്ചു. ഇത് ബഹളത്തിനിടയാക്കി. റോ റോ സര്‍വിസ് ആരംഭിച്ചതോടെ കൊച്ചിയിലെ ജനങ്ങള്‍ക്ക് നഗരത്തില്‍ വേഗത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കും. വല്ലാര്‍പാടം, കൊടുങ്ങല്ലൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലേക്കും വാഹനങ്ങള്‍ക്ക് നഗരം ചുറ്റാതെ തന്നെ എത്തിപ്പെടുവാന്‍ സാധിക്കും. ഉദ്ഘാടന ദിവസം സര്‍വ്വീസ് നടത്തിയ സ്രാങ്ക് വിന്‍സന്റ് തന്നെയാണ് റോ റോ നിയന്ത്രിക്കുന്നത്. മാസ്റ്റര്‍ ലൈസന്‍സുള്ള നിരവധി പേര്‍ കെ.എസ്.ഐ.എന്‍.സിയെ സമീപിക്കുന്നുണ്ട്. താമസിയാതെ തന്നെ രണ്ട് ജങ്കാറുകളും സമാന്തരമായി സര്‍വ്വീസ് നടത്തുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ
കൊച്ചി കോര്‍പറേഷന്റെ പ്ലാന്‍ഫണ്ടില്‍ നിന്നുള്ള 16 കോടി രൂപ ഉപയോഗിച്ച് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ആണ് റോ റോ വെസല്‍ നിര്‍മ്മിച്ചത്. കഴിഞ്ഞ 28 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത റോ റോ അന്നുതന്നെ സര്‍വീസ് നിര്‍ത്തിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചു. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ കോര്‍പ്പറേഷന്‍ ഭരണനേതൃത്വം തിരക്കിട്ട് ഉദ്ഘാടനം നടത്തിയെന്ന് സര്‍വീസ് നടത്തിപ്പിനുള്ള കരാര്‍ ഏറ്റെടുത്ത കെ.എസ്.ഐ.എന്‍.സി (കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍) കുറ്റപ്പെടുത്തി. ഏജന്‍സി തങ്ങളെ കബളിപ്പിച്ചുവെന്നായിരുന്നു മേയര്‍ സൗമിനി ജെയിനിന്റെ ആരോപണം. നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സര്‍വീസ് പുനരാരംഭിച്ചത് ഇരുകരകളിലെയും യാത്രക്കാര്‍ക്ക് ആശ്വാസമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."