ഭവന പദ്ധതികളെ ചൊല്ലി കൊണ്ടോട്ടി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം
കൊണ്ടോട്ടി: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതികളെ ചൊല്ലി ബഹളം. അയ്യങ്കാളി പദ്ധതിയില്‍ നഗരസഭക്ക് അനുവദിച്ച 3.92 കോടി രൂപയില്‍ 50 ലക്ഷം മാത്രമാണ് ലഭിച്ചിട്ടുള്ളത്. ബാക്കി പണം അനുവദിക്കാത്തതിനാല്‍ പദ്ധതിയില്‍ തൊഴില്‍ ലഭിക്കുന്നില്ലെന്ന് ഉന്നയിച്ചായിരുന്നു പ്രതിപക്ഷം രംഗത്തെത്തിയത്.
ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാത്തതാണ് ബാക്കി പണം അനുവദിക്കാത്തതെന്നായിരുന്നു പ്രതിപക്ഷ ആരോപണം. വിഷയത്തില്‍ ബാക്കി തുക അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി യോഗത്തില്‍ അറിയിച്ചു.
പി.എം.വൈ ഭവന പദ്ധതിയിലെ ധനസഹായം മൂന്ന് ലക്ഷം രൂപയില്‍നിന്നും നാല് ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. ഇതോടെ നഗരസഭയിലെ ഗുണഭോക്താക്കള്‍ക്ക് പണം ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. എന്നാല്‍ ധനസഹായം വര്‍ധിപ്പിച്ചതല്ലാതെ ഏത് ഫണ്ടില്‍നിന്നു നല്‍കണമെന്നത് സംബന്ധിച്ച് വ്യക്തത സര്‍ക്കാരില്‍നിന്നും ലഭിച്ചിട്ടില്ലെന്ന് ഭരണപക്ഷവും പറഞ്ഞു. നിലവില്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് നഗരസഭ. വിഷയത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തുമെന്നും ചെയര്‍മാര്‍ സി.കെ നാടിക്കുട്ടി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."