സാഫ് പ്രവര്‍ത്തനങ്ങളെ കുടുംബശ്രീയുമായി ബന്ധിപ്പിക്കും: ജെ മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം: തീരദേശ മേഖലയിലെ സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്തുന്നതിന് കുടുംബശ്രീ സംവിധാനത്തെ സാഫിന്റെ (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍) പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുമെന്ന് ഫിഷറീസ്പരമ്പരാഗത വ്യവസായ വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. കൊല്ലം ടി.എം വര്‍ഗീസ് ഹാളില്‍ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിലുള്ള വനിതാ വാരാചരണ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാഫിന്റെ സ്വയം സഹായ സംഘങ്ങളുടെ സംരംഭങ്ങള്‍ മികവുറ്റതാക്കുന്നതിന് കുടുംബശ്രീ സഹകരണത്തിലൂടെ സാധിക്കും. ജില്ലയില്‍ കൂടുതല്‍ സ്ത്രീകളെ കുടുംബശ്രീയുടെ കുടക്കീഴിലേക്ക് കൊണ്ടുവരണം. സ്വാശ്രയത്വത്തിന് സ്ത്രീകള്‍ക്ക് സാമ്പത്തിക വരുമാനം വേണ്ടതുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ വീടുകളില്‍ നടക്കുന്ന അതിക്രമങ്ങളും പീഡനങ്ങളും തടയുന്നതിന് കുടുംബശ്രീ ഇടപെടലിലൂടെ സാധിക്കും. സുരക്ഷിത അയല്‍ക്കൂട്ട പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് രൂപീകരിക്കുന്ന കുടുംബശ്രീ വിജിലന്‍സ് കമ്മിറ്റകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം മന്ത്രി അഭിപ്രായപ്പെട്ടു. 60 വയസിന് മേല്‍ പ്രായമുള്ള സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, മാതൃകാ സംരംഭകര്‍, വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വനിതകള്‍ എന്നിവരെ മന്ത്രി ആദരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാകുമാരി അധ്യക്ഷയായി. സബ് കലക്ടര്‍ ഡോ. എസ് ചിത്ര ചടങ്ങില്‍ മുഖ്യാതിഥിയായി. ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എ. മുഹമ്മദ് അന്‍സര്‍, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ വി.എസ് സ്മിത, ജന്റര്‍ കണ്‍സള്‍ട്ടന്റ് ആര്‍ ബീന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."