കുണ്ടറ സംഭവം കേസ് അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടു നില്‍ക്കുന്നു
കൊല്ലം: കുണ്ടറയില്‍ പത്തു വയസുകാരി പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് നല്‍കാത്തത് പൊലിസിന്റെ വീഴ്ചയാണെന്ന് കൊല്ലം റൂറല്‍ എസ് പി. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും എസ്.പി പറഞ്ഞു.
അതേസമയം കേസില്‍ അട്ടിമറിക്കാന്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ കൂട്ടു നില്‍ക്കുകയാണെന്നും പിതാവിനെ പ്രതിയാക്കി മുഖം രക്ഷിക്കാന്‍ പൊലിസ് തലപ്പത്ത് തിരിക്കിട്ട നീക്കം നടക്കുകയാണെന്നും ആരോപണമുണ്ട്. മൂന്നു ദിവസമായി മാതാവും മുത്തച്ഛനും ഉള്‍പ്പടെ ഒന്‍പതു പേരേ വിവിധ കേന്ദ്രങ്ങളില്‍ ചോദ്യം ചെയ്തിട്ടും സംശയിക്കുന്ന പ്രതിയില്‍ നിന്ന് ഒരു തെളിവും കിട്ടിയിട്ടില്ല.
ഈ സാഹചര്യത്തില്‍ മകളുടെ മരണം അന്വേഷിക്കണമെന്ന പരാതിയുമായി സ്റ്റേഷനില്‍ കയറിയിറങ്ങിയ പിതാവിനെത്തന്നെ പ്രതിയാക്കാനുള്ള നീക്കമാണ് പൊലിസ് നടത്തുന്നുവെന്നാണ് സൂചന. കേസില്‍ പ്രധാനമായും സംശയിക്കുന്നതു മുത്തച്ഛനാണെങ്കിലും ഇയാള്‍ക്ക് എതിരായുള്ള മൊഴികളൊന്നും തന്നെ കുട്ടിയുടെ അമ്മ നല്‍കിയിട്ടില്ല. എന്നാല്‍ അമ്മയും ഉറ്റബന്ധുക്കളും പിതാവിനെതിരായി മൊഴി നല്‍കിയിട്ടുമുണ്ട്.
കൊല്ലത്തെ ഒരു പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായ മുത്തച്ഛന്‍ ആസൂത്രിതമായാണ് ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നതെന്നാണ് പൊലിസ് പറയുന്നത്. 'ദൃശ്യം'സിനിമാ മോഡലില്‍ കുട്ടിയുടെ മാതാവും മുത്തച്ഛനും കാണാതെപഠിച്ചുവച്ച രീതിയലാണ് മറുപടി പറയുന്നത്. ഇക്കഴിഞ്ഞ ജനുവരി 15നാണ് പത്തുവയസുകാരിയെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു.
കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുട്ടിയുടെ മൃതദേഹത്തിന് സമീപത്തുനിന്നു കണ്ടെടുത്ത കുറിപ്പില്‍ എഴുതിയിരുന്നു.
വീട്ടില്‍ സമാധാനമില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പില്‍ പറയുന്നു. മരിക്കുന്നതില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്ന് വ്യക്തമാക്കുന്ന കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരിക്കുന്നത്. തിയതിയും ഒപ്പും സഹിതമാണ് കുറിപ്പ്. എന്നാല്‍ ആത്മഹത്യാക്കുറിപ്പ് കുട്ടിയുടേതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."