കുടകില്‍ വീണ്ടും ബി.ജെ.പി
മടിക്കേരി: കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പില്‍ കുടകിലെ വീരാജ്‌പേട്ട, മടിക്കേരി മണ്ഡലങ്ങള്‍ വന്‍ ഭൂരിപക്ഷത്തില്‍ ബി.ജെ.പി നിലനിര്‍ത്തി. വീരാജ്‌പേട്ടയില്‍ 77,944 വോട്ട് നേടിയ ബി.ജെ.പിയുടെ കെ.ജി ബോപ്പയ്യ 13,353 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. 2013ലെ തെരഞ്ഞെടുപ്പിനേക്കാളും പതിനായിരത്തിലധികം വോട്ടാണ് ബി.ജെ.പി ഇവിടെ നേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി.എന്‍ അറുണ്‍ മാച്ചയ്യ 64,591 വോട്ട് നേടി രണ്ടാമതെത്തി. ജെ.ഡി.എസിന്റെ സങ്കേത്ത് പൂവയ്യക്ക് 11,224 വോട്ട് മാത്രമേ നേടാനായുള്ളൂ.
മടിക്കേരി മണ്ഡലത്തില്‍ ബി.ജെ.പി എം.പി അപ്പച്ചു റംഞ്ചന്‍ 70,631 വോട്ട് നേടി 16,015 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മൂന്നാം തവണയും വിജയിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളും 11,000 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ നേടിയത്. കോണ്‍ഗ്രസിന്റെ കെ.പി ചന്ദ്രക്കല മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ജെ.ഡി.എസിന്റെ എ.വി ജീവിജയ 54,616 വോട്ട് നേടി രണ്ടാമതെത്തി.
മടിക്കേരിയില്‍ ബി.ജെ.പിയും ജെ.ഡി.എസും തമ്മിലായിരുന്നു പോരാട്ടം. 13 റൗണ്ട് എണ്ണിത്തീരുന്നതുവരെ വ്യക്തമായ ഭൂരിപക്ഷത്തോടെ ജെ.ഡി.എസിന്റെ ജീവിജയ മുന്നിട്ടുനിന്നിരുന്നു.
പിന്നീട് ബി.ജെ.പിയുടെ അപ്പച്ചു റംഞ്ചന്‍ മേല്‍ക്കൈ നേടി. മടിക്കേരിയില്‍ ഓരോ റൗണ്ട് വോട്ട് എണ്ണി തീരുമ്പോഴും സ്ഥാനാര്‍ഥികളുടെ വോട്ടിങ് ശതമാനം മാറി മറിഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.
കുടകില്‍ ഇത്തവണ പൊതുവികാരം കോണ്‍ഗ്രസിന് അനുകൂലമായിട്ടും അത് കൃത്യമായി പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നാണ് തെരഞ്ഞടുപ്പ് ഫലം വ്യക്തമാക്കുന്നത്. 18,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് അവകാശപ്പെട്ട അറുണ്‍ മാച്ചയ്യ 13,000 വോട്ടിന് പരാജയപ്പെട്ടു.
ന്യൂനപക്ഷങ്ങളുടെയും ഗൗഡ, കൊടവ വിഭാഗത്തിലെ ഭൂരിപക്ഷത്തിന്റെയും വോട്ട് അനുകൂലമായിട്ടും കോണ്‍ഗ്രസിന് മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയാത്തത് അണികള്‍ക്കിടയില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. സീറ്റ് വിഭജനത്തിലെ തര്‍ക്കങ്ങളും അവഗണനയും തെരഞ്ഞെടുപ്പിനെ ബാധിച്ചതായാണ് പൊതു വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."